രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; നിലപാട് പ്രഖ്യാപിക്കാത്തതിൽ ഹൈക്കമാൻഡിനെ ആശങ്കയറിയിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ
എം.പിമാരടക്കമുള്ള നേതാക്കളാണ് ആശങ്കയറിയിച്ചത്. നിലപാടിൽ വ്യക്തത വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കാത്തതിൽ ഹൈക്കമാൻഡിനെ ആശങ്കയറിയിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. എം.പിമാരടക്കമുള്ള നേതാക്കളാണ് ആശങ്കയറിയിച്ചത്. നിലപാടിൽ വ്യക്തത വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
കേരളത്തിലെ കോൺഗ്രസിനെ ഈ നിലപാട് ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. ഇതാണ് ഹൈക്കമാൻഡിനെ അറിയിച്ചതും. തങ്ങളുടെ ആശങ്ക പരിഗണിച്ചുകൊണ്ട് കൃത്യമായ നിലപാട് സ്വീകരിക്കണം. എ.ഐ.സി.സി നേതൃത്വം ഇക്കാര്യത്തിൽ നിലപാടെടുക്കണം. ഇപ്പോഴുള്ള അവ്യക്തത മറികടക്കണം. അല്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിനെ അത് ബാധിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് ബാധിക്കുമെന്ന് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു. സി.പി.എം ഇത് രാഷ്ട്രീയമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും നേതാക്കൾ അറിയിച്ചു.
നേരത്തെ സമസ്ത ഇക്കാര്യത്തിൽ കോൺഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് പറയാൻ കോൺഗ്രസ് ആർജവം കാണിക്കണമെന്നായിരുന്നു സമസ്ത മുഖപത്രത്തിൽ കൂടി പറഞ്ഞത്. കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം ലഭിച്ച സാഹചര്യത്തിൽ സോണിയാ ഗാന്ധിയോ അവരുടെ പ്രതിനിധിയോ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ് പ്രഖ്യാപിച്ചതാണ് കോൺഗ്രസിനെ വെട്ടിലാക്കിയത്. ക്ഷണം നിരസിച്ച് സി.പി.എം രംഗത്ത് വന്ന സാഹചര്യത്തിൽ എ.ഐ.സി.സി ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കാത്തതാണ് കേരളത്തിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.