'നിസ്‌കാരത്തൊപ്പി വെക്കാൻ തലയുണ്ടാകില്ല'; ആർ.എസ്.എസ് പ്രകടനത്തില്‍ വീണ്ടും വർഗീയ മുദ്രാവാക്യം
ആലപ്പുഴയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് വർഗീയ മുദ്രാവാക്യമുയർന്നത്.
തലശ്ശേരിയിലേതിനു സമാനമായി വർഗീയ മുദ്രാവാക്യവുമായി കുന്നംകുളത്ത് ആർ.എസ്.എസ് പ്രകടനം. ആലപ്പുഴയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് വർഗീയ മുദ്രാവാക്യമുയര്‍ന്നത്. നിസ്കാരത്തിന് തൊപ്പി വെക്കാൻ തലയുണ്ടാകില്ലെന്നാണ് മുദ്രാവാക്യം. സംഭവത്തില്‍ പോപ്പുലർ ഫ്രണ്ടിന്റെ പരാതിയിൽ കുന്നംകുളം പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്.
മുസ്‌ലിം പള്ളികൾ തകർക്കുമെന്ന മുദ്രാവാക്യമായിരുന്നു തലശ്ശേരിയില്‍ ബിജെപി റാലിയിലുണ്ടായത്. 'അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല'' എന്നായിരുന്നു മുദ്രാവാക്യം. പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു സംഭവം. ഇതിനുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.