ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിര്‍ദേശവും കോടതി റദ്ദാക്കി.
സംസ്ഥാനത്തെ കോവിഡ് ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹരജിക്കാരെ കേട്ട ശേഷം പുതിയ ഉത്തരവിറക്കാന്‍ കോടതി നിർദേശിച്ചു. സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിര്‍ദേശവും കോടതി റദ്ദാക്കി.
സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് രണ്ട് തവണയായാണ് സര്‍ക്കാര്‍ കുറച്ചത്. ആദ്യ ഘട്ടത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയില്‍ നിന്ന് 1500 രൂപയിലേക്കും പിന്നീട് 1500 ല്‍ നിന്ന് 500 രൂപയിലേക്കുമാണ് ചാര്‍ജ് കുറച്ചത്. സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലാബ് ഉടമകള്‍ ആദ്യം നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ലാബുകളുടെ ഭാഗം കേൾക്കാതെ സർക്കാർ ഏകപക്ഷീയമായാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചത് എന്ന് കാണിച്ച് ലാബ് ഉടമകള്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി ആദ്യം തള്ളിയത്. ഇതോടെ കേരളത്തില്‍ കോവിഡ് പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരുകയായിരുന്നു.
ആദ്യ ഹരജി തള്ളിയതിന് പിന്നാലെ ലാബുടമകള്‍ വീണ്ടും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. സർക്കാർ ഉത്തരവ് പാലിക്കാത്ത ലാബുടമകള്‍ക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള നിർദേശവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കോവിഡ് പരിശോധക്ക് സ്വകാര്യ ലാബുകൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടർന്ന് സംസ്ഥാന സർക്കാർ പരിശോധനാ നിരക്ക് 500 ആയി നിജപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ നിരക്ക് കുറവാണെന്നും നടത്തിപ്പുകാര്‍ക്ക് നഷ്ടമാണന്നും ചൂണ്ടിക്കാട്ടിയാണ് ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.