ദേവസ്വം ബോർഡും കരാറുകാരും തമ്മില്‍ തർക്കം; ശബരിമലയിലെ പുഷ്പാഭിഷേകം പ്രതിസന്ധിയിൽ

ആദ്യ കരാർ തുക കുറവാണെന്ന കാരണം പറഞ്ഞ് ദേവസ്വം ബോർഡ് പുനർലേലം നടത്തുകയും 1,15,50,000 രൂപയ്ക്ക് അടൂർ സ്വദേശി കരാർ ഉറപ്പിക്കുകയും ചെയ്തതാണ് തർക്കങ്ങൾക്കു തുടക്കം

Update: 2022-11-20 01:35 GMT
Editor : Shaheer | By : Web Desk
Advertising

പത്തനംതിട്ട: കരാറുകാരും ദേവസ്വം ബോർഡും തമ്മിലെ തർക്കത്തെ തുടർന്ന് ശബരിമലയിലെ പ്രധാന വഴിപാടായ പുഷ്പാഭിഷേകം പ്രതിസന്ധിയിൽ. ഒരു കരാർ നിലനിൽക്കെ കൂടിയ തുകയ്ക്ക് ദേവസ്വം ബോർഡ് പുനർലേലം നടത്തിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പുതിയ കരാറുകാരൻ ചുമതലയേൽക്കുന്നതുവരെയുള്ള കാലയളവിൽ പുഷ്പങ്ങൾ വിലകൊടുത്തു വാങ്ങുകയാണ് ദേവസ്വം ബോർഡ്.

സന്നിധാനത്ത് ഏറെ ചെലവേറിയ വഴിപാടുകളിലൊന്നായ പുഷ്പാഭിഷേകത്തിന് പൂക്കൾ എത്തിക്കുന്നതിനുള്ള കരാർ ഗുരുവായൂർ സ്വദേശിയായ കരാറുകാരനായിരുന്നു. ജി.എസ്.ടി അടക്കം 88 ലക്ഷം രൂപയായിരുന്നു കരാർ തുക. തുക കുറവാണെന്ന കാരണം പറഞ്ഞ് ദേവസ്വം ബോർഡ് പുനർലേലം നടത്തുകയും 1,15,50,000 രൂപയ്ക്ക് അടൂർ സ്വദേശി കരാർ ഉറപ്പിക്കുകയും ചെയ്തു. ജി.എസ്.ടി അടയ്ക്കണമെന്ന ആവശ്യം പുതിയ കരാറുകാരൻ തള്ളുകയും പൂക്കൾ എത്തിക്കുന്നതിന് മൂന്നു ദിവസം സാവകാശം ചോദിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റൊരാൾക്ക് കരാർ നൽകിയതിനാൽ പൂക്കളുടെ വിതരണം നിർത്തിവയ്ക്കുമെന്ന് ആദ്യ കരാറുകാരൻ അറിയിച്ചതോടെയാണ് ദേവസ്വം വെട്ടിലായത്. ഇതോടെ ആദ്യ കരാറുകാരനിൽനിന്ന് ഓരോ ദിവസത്തേക്കും ആവശ്യമുള്ള പൂക്കൾ ദേവസ്വം ബോർഡ് വിലകൊടുത്ത് വാങ്ങാൻ ആരംഭിച്ചു. പുഷ്പാഭിഷേകം മുടങ്ങില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിനെതിരെ നിയമ നടപടിയെടുക്കാനാണ് ആദ്യ കരാറുകാരന്റെ നീക്കം.

Summary: Pushpabhishekam, the main offering at Sabarimala, is in crisis following dispute between contractors and Devaswom Board

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News