പതിനെട്ടാം പടി കടക്കുന്നത് മണിക്കൂറിൽ 4500ലധികം പേർ; ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കരുതലോടെ പൊലീസ്
ഇന്ന് 80,000 ത്തിൽ അധികം പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുലർച്ചെ മുതൽ തീർഥാടകരുടെ തിരക്ക്. ശബരിപീഠം വരെ തീർഥാടകരുടെ നിരനീണ്ടു. പതിനെട്ടാം പടികടന്ന് മണിക്കൂറിൽ 4500 അധികം പേരാണ് ദർശനം നടത്തിയത്.പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർഥാടകരെ കയറ്റുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പതിനെട്ടാം പടിയിൽ ഭക്തരെ കയറ്റുന്നതിന്റെ വേഗം പരമാവധി കൂട്ടി, തിരക്ക് നിയന്ത്രിക്കാനാണ് പൊലീസിന്റെ ശ്രമം.
ഇന്നും 80,000 ത്തിൽ അധികം പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്.ഇന്നലെ ദർശനം നടത്താൻ പറ്റാതെ പോയ ആയിരക്കണക്കിന് ഭക്തർ പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധയിടങ്ങളിൽ വിശ്രമിച്ചു. അതിനിടെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർഥാടകരെ കയറ്റുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെയോടെ പമ്പയും പരിസരവും അയ്യപ്പ ഭക്തരെ കൊണ്ട് നിറഞ്ഞു.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ കരുതലോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുന്നത്. പതിനെട്ടാം പടിയിൽ ഭക്തരെ കയറ്റുന്നതിന്റെ വേഗം പരമാവധി കൂട്ടി, തിരക്ക് നിയന്ത്രിക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. ഒരു മിനിറ്റിൽ 75ലധികം ഭക്തരാണ് പതിനെട്ടാം പടി കയറുന്നത്. സന്നിധാനത്തെ ഫ്ലൈ ഓവറിലും പൊലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള വഴിയിൽ പോടൻ പ്ലാവിൽ പുലർച്ചെ രണ്ടിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി പാത സഞ്ചാരയോഗ്യമാക്കി.