'പുതുമുഖങ്ങൾ പരിഗണനയിലുണ്ട്'; രാജ്യസഭാ സീറ്റിൽ സാദിഖലി തങ്ങൾ
പി.കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥി ചർച്ചയിലേക്ക് കടക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. യുവാക്കൾക്ക് പരിഗണന കൊടുക്കേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അവർ സീറ്റ് ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിക്കപ്പെടേണ്ടതാണെന്നും തങ്ങൾ വ്യക്തമാക്കി.
പി.കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. അദ്ദേഹം ഇപ്പോൾ കേരളത്തിലാണ് പ്രവർത്തിക്കുന്നത്. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലീഗിന്റെ പ്രധാന ദൗത്യം. കുഞ്ഞാലിക്കുട്ടിക്ക് നിയസഭയിൽ ഇനിയും കാലാവധിയുള്ളതിനാൽ ഇപ്പോൾ രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നും തങ്ങൾ പറഞ്ഞു. രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
സമസ്തയും പാണക്കാട് കുടുംബവും തമ്മിൽ കാലങ്ങളായുള്ള ബന്ധം തുടരുമെന്ന് നേരത്തെ പാണക്കാട് ഖാസി ഫൗണ്ടേഷൻ നേതൃസംഗമത്തിൽ തങ്ങൾ വ്യക്തമാക്കിയിരുന്നു. ഭിന്നതയുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. സമസ്ത-പാണക്കാട് ബന്ധം കാലത്തിന്റെ സുകൃതമായി തുടർന്നുപോരുന്നതാണെന്നും തങ്ങൾ പറഞ്ഞു.