സൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ല; അവിടെ ശബ്ദം പുറത്തുകേട്ടാൽ വിവരമറിയും: മന്ത്രി സജി ചെറിയാൻ
സൗദിയിൽ എല്ലാവർക്കും പ്രാർഥിക്കാൻ അവകാശമുണ്ട്. അവിടെ ഭൂരിപക്ഷ സമൂഹം ആരെയും ആക്രമിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സൗദിയിലെ പള്ളികളിൽ ബാങ്കുവിളിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. താൻ സൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ല. അന്വേഷിച്ചപ്പോൾ കൂടെ വന്ന ആൾ പറഞ്ഞത് കുഴപ്പമില്ല, ശബ്ദം കേട്ടാൽ വിവരമറിയുമെന്നാണ്. അവിടെ ഒരു വിഭാഗത്തിനെതിരെയും അതിക്രമങ്ങൾ ഉണ്ടാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
സൗദി അറേബ്യയിൽ ചെന്നപ്പോൾ ഞാൻ വിചാരിച്ചു ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നത്. കാരണം ഭയങ്കര എക്‌സ്ട്രിമിസ്റ്റുകളായ ആളുകൾ. പക്ഷേ ഒരിടത്തുപോയപ്പോഴും ബാങ്കുവിളി കേട്ടില്ല. കൂടെ വന്ന ആളോട് ഇതിനെപ്പറ്റി ചോദിച്ചു. കുഴപ്പമില്ല, പക്ഷേ പുറത്തുകേട്ടാൽ വിവരമറിയുമെന്നാണ് അയാൾ പറഞ്ഞത്. ബാങ്കുവിളിക്കാൻ അവർക്ക് അവകാശമുണ്ട്. പക്ഷേ പുറത്തുകേൾക്കുന്നത് പബ്ലിക് ന്യൂയിസൻസ് ആണ്. അത് പാടില്ല.
അവിടെ ക്രിസ്ത്യൻ ചർച്ചുകളുണ്ട്. നൂറുകണക്കിന് പള്ളികളുണ്ട്. വളരെ സ്വാതന്ത്ര്യത്തിലാണ് അവിടെ പ്രാർഥിക്കുന്നത്. പക്ഷേ ഒരു പള്ളിയിലും മൈക്കില്ല. അവിടെ ഭൂരിപക്ഷ സമൂഹം ആരെയും ആക്രമിക്കുന്നില്ല. സപ്പോർട്ടീവായാണ് അവർ ആളുകളെ കാണുന്നത്. ഹിന്ദു, ക്രിസ്ത്യൻ സമൂഹം എത്ര സ്വാതന്ത്ര്യത്തോടെയാണ് അവർ ജീവിക്കുന്നത്. എത്ര ഡെമോക്രാറ്റിക്കായ സിറ്റ്വേഷനാണ് അവർക്കുള്ളത്. കണ്ടുപഠിക്കണ്ടേ? മലയാളികൾ ജീവിക്കുന്ന എല്ലാ സ്ഥലത്തും ആളുകൾ സഹവർത്തിത്വത്തോടെയാണ് ജീവിക്കുന്നത്. ഇത് ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. എന്നാൽ അത് ഘട്ടം ഘട്ടമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.