സജി ചെറിയാൻ ബിഷപ്പുമാരെ അധിക്ഷേപിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വി.ഡി സതീശൻ
കേരളത്തിൽ സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രതികരിക്കാൻ പാടില്ല എന്ന പുതിയ നയമാണ് നടപ്പാക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
കൊച്ചി: മന്ത്രി സജി ചെറിയാൻ ബിഷപ്പുമാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സജി ചെറിയാനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. നവകേരള സദസ്സ് യു.ഡി.എഫ് ബഹിഷ്‌കരിച്ച പരിപാടിയായിരുന്നു. പക്ഷേ അതിൽ പങ്കെടുത്ത് ഒരാളെയും തങ്ങൾ അധിക്ഷേപിച്ചിട്ടില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വിളിച്ചാൽ പോകുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. അതിന്റെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു.
കേരളത്തിൽ സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രതികരിക്കാൻ പാടില്ല എന്ന പുതിയ നയമാണ് നടപ്പാക്കുന്നത്. പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ആദ്യം ചുമത്തിയ വകുപ്പ് മാറ്റി. സി.പി.എം ഏരിയാ സെക്രട്ടറി പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷമാണ് വകുപ്പ് മാറ്റിയത്. അതിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. ഒരേ പ്രതിഷേധം നടത്തിയ രണ്ട് കൂട്ടർക്കെതിരെ പൊലീസ് എടുത്തത് രണ്ട് നടപടിയാണെന്നും പ്രതിപക്ഷനേതാവ് പരഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസിന് ഔദ്യോഗിക ക്ഷണമില്ല. വ്യക്തികൾക്കാണ് ക്ഷണം, അത് അവർ നേതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കും. ഒരു പത്രം അനാവശ്യമായി, അപക്വമായി ഒരു എഡിറ്റോറിയൽ എഴുതി. സമസ്ത പോലും അത് അംഗീകരിക്കുന്നില്ല. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ജിഫ്രി തങ്ങളും സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ വിവാദമാക്കി വോട്ട് നേടാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.