സജി ചെറിയാൻ: ആലപ്പുഴയിലെ സി.പി.എമ്മിന്റെ ശക്തനായ നേതാവ്; മുഖ്യമന്ത്രിയുടെ വിശ്വസ്തൻ
രാജിവെച്ചെങ്കിലും സജിയുടെ മന്ത്രിക്കസേരയിൽ പാർട്ടി ആരെയും ഇരുത്തിയില്ല. എം.വി ഗോവിന്ദൻ രാജിവെച്ച് എം.ബി രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോഴും സജിയുടെ സീറ്റ് ഒഴിച്ചിട്ടത് പാർട്ടിയുടെ പ്രിയം വ്യക്തമാക്കി.
തിരുവനന്തപുരം: ആലപ്പുഴയിലെ സി.പി.എമ്മിന്റെ ഇപ്പോഴത്തെ ഏറ്റവും ശക്തനായ നേതാവാണ് സജി ചെറിയാൻ. എം.വി ഗോവിന്ദൻ രാജിവെച്ച് എം.ബി രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോഴും സജിയുടെ സീറ്റ് ഒഴിച്ചിട്ടത് പാർട്ടിയുടെ പ്രിയം വ്യക്തമാക്കിയാണ്. മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിൽ ഇടമുള്ളതടക്കമുള്ള കാരണങ്ങളാണ് സജിയുടെ തിരിച്ചുവരവ് വേഗത്തിലാക്കിയത്.
ചെങ്ങന്നൂർ പാർട്ടി ഏരിയാ സെക്രട്ടറി സ്ഥാനം മുതൽ ജില്ലാ സെക്രട്ടറി സ്ഥാനം വരെ വഹിച്ച് സി.പി.എമ്മിനുള്ളിൽ ശക്തനായി സജി ചെറിയാൻ നിൽക്കുമ്പോഴായിരുന്നു കെ.കെ രാമചന്ദ്രൻ എം.എൽ.എയുടെ നിര്യാണം. തുടർന്ന് 2018-ൽ ചെങ്ങന്നൂരിൽ നടന്ന നിർണായക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയാണ് സജി ചെറിയാൻ നിയമസഭയിലെത്തിയത്. അന്നത്തെ ആ തെരഞ്ഞെടുപ്പ് വിജയം പിണറായി വിജയനെ കൂടുതൽ കരുത്തനാക്കി മാറ്റി. മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവരിൽ ഒരാളായി മാറി സജി. പ്രളയസമയത്ത് സർക്കാരിനെതിരെ ശബ്ദമുയർത്തിയത് മുഖ്യമന്ത്രിക്ക് അന്ന് രസിച്ചിരുന്നില്ലെങ്കിലും പിന്നീട് അത് പരിഹരിക്കപ്പെട്ടു.
പിന്നിട് സജിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസ്ഥാനത്തേക്ക്. സംസ്ഥാനസമ്മേളനം വന്നപ്പോൾ പല നേതാക്കളേയും ഒഴിവാക്കി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് സജിയെ തെരഞ്ഞെടുത്തു. എന്നാൽ ഭരണഘടനയെ അവഹേളിച്ചുള്ള മല്ലപ്പള്ളി പ്രസംഗത്തിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. രാജിവെച്ചെങ്കിലും സജിയുടെ മന്ത്രിക്കസേരയിൽ പാർട്ടി ആരെയും ഇരുത്തിയില്ല. എം.വി ഗോവിന്ദൻ രാജിവെച്ച് എം.ബി രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോഴും സജിയുടെ സീറ്റ് ഒഴിച്ചിട്ടത് പാർട്ടിയുടെ പ്രിയം വ്യക്തമാക്കി. ഒടുവിൽ പൊലീസ് റിപ്പോർട്ട് അനുകൂലമായി വന്നതോടെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്തു. കൂടുതൽ കരുത്തോടെയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം അടക്കമുള്ള വകുപ്പുകൾ തന്നെ സജിക്ക് പാർട്ടി നൽകും.