സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമർശം: സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമെന്ന് ഹൈക്കോടതി
അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: മല്ലപ്പള്ളിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അപക്വമെന്ന് ഹൈക്കോടതി. അന്വേഷണസംഘത്തിന്റെ റഫർ റിപ്പോർട്ടിനെതിരെ തടസഹരജിയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹരജിക്കാരന് ഹൈക്കോടതി നിർദേശം നൽകി.
കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ റഫർ റിപ്പോർട്ട്. പ്രസംഗത്തിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെതാണ് നിർദേശം.
മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 13 ദിവസം മുൻപ് തള്ളിയിരുന്നു.
കഴിഞ്ഞവർഷം ജൂലായ് ആറിനായിരുന്നു പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് മന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് ആറ്മാസത്തെ ഇടവേളക്ക് ശേഷം സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.