'പ്രസ്താവനയുമായി ബന്ധമില്ല'; ഉമർ ഫൈസി മുക്കത്തെ തള്ളി സമസ്ത

പ്രശ്‌ന പരിഹാരത്തിനായി നേതാക്കൾ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ വിവാദ നിയമനങ്ങളോ പ്രസ്താവനകളോ ആരിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്തതാണെന്നും നേതാക്കൾ പറഞ്ഞു.

Update: 2024-10-29 09:26 GMT
Advertising

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഖാദി സ്ഥാനം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളുമായി ബന്ധമില്ലെന്ന് സമസ്ത. പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ, സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ, ട്രഷറർ പി.പി ഉമർ മുസ് ലിയാർ കൊയ്യോട് എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കിയത്.



സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്നവരും പ്രവർത്തകരും വിവാദ പ്രസ്താവനകളിൽ നിന്നും ആരോപണ പ്രത്യാരോപണങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈവിധ്യമാർന്ന പദ്ധതികളുമായി നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന സന്ദർഭത്തിൽ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാവരിൽ നിന്നും ഉണ്ടാവേണ്ടതെന്നും പരസ്പരം ഐക്യത്തിനും സൗഹാർദത്തിനും ഭംഗം വരുത്തുന്ന വിധം പൊതുവേദികളിലും സാമൂഹ്യമാധ്യമങ്ങളിലും വിവാദപരാമർശങ്ങൾ നടത്തുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. പ്രശ്‌ന പരിഹാരങ്ങൾക്ക് വേണ്ടി ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ വിവാദ നിയമനങ്ങളോ പ്രസ്താവനകളോ ആരിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്തതാണെന്നും നേതാക്കൾ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News