വിഷുക്കൈനീട്ടവും സക്കാത്തും ഗൂഗിൾപേ ചെയ്യൂ; അഭ്യർത്ഥനയുമായി സന്ദീപാനന്ദ ഗിരി
ആർഷഭാരത സംസ്‌ക്കാരത്തിൽ സംന്യാസിക്കും ബ്രഹ്‌മചാരിക്കും മാത്രമേ ഭിക്ഷയെടുക്കാൻ അവകാശമുള്ളൂ. മറ്റാരെങ്കിലും ഭിക്ഷയെടുത്താൽ രാജ്യം ഭരിക്കുന്ന രാജാവ് അയോഗ്യനായിതീരുന്നു.
Update: 2021-04-13 12:39 GMT
വിഷുക്കൈനീട്ടവും സക്കാത്തും തനിക്ക് നൽകാൻ ആഗ്രഹമുള്ളവർ അത് ഗൂഗിൾപേ വഴി നൽകണമെന്ന അഭ്യർത്ഥനയുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇടതുപക്ഷ നിലപാടുകളിലൂടെ പ്രസിദ്ധനായ സ്വാമി അഭ്യർത്ഥന നടത്തിയത്. ആർഷ ഭാരത സംസ്‌കാരത്തിൽ സന്യാസിക്കും ബ്രഹ്‌മചാരിക്കും മാത്രമേ ഭിക്ഷയെടുക്കാൻ അവകാശമുള്ളൂവെന്നും ഭിക്ഷയെടുക്കുക എന്നത് സന്യാസിയുടെ ധർമമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'ഹരിഃ ഓം പ്രണാമങ്ങൾ!
എല്ലാവർക്കും വിഷു ആശംസകൾ ഒപ്പം പെരുന്നാളാശംസകളും നേരുന്നു!
വിഷുകൈനീട്ടം തരാനാഗ്രഹിക്കുന്നവർക്കും സക്കാത്ത് തരാനാഗ്രഹിക്കുന്നവർക്കുമായി ഗൂഗുൾ പേ നമ്പർ ഇതോടൊപ്പം ചേർക്കുന്നു.' എന്ന തലവാചകങ്ങളോടെയാണ് സന്ദീപാനന്ദ ഗിരി തന്റെ ഗൂഗിൾ പേ നമ്പറും അക്കൗണ്ട് നമ്പറും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
'ഒരുദിവസം ഭിക്ഷാടനത്തിനായി ബുദ്ധൻ ബിംബിസാരന്റെ കൊട്ടാരത്തിൽ പോയി,ബിംബിസാരൻ ബുദ്ധനോടു പറഞ്ഞു; സിദ്ധാർത്ഥാ നിന്റെ കുലം രാജകുലമാണ് മറക്കരുത്. ബുദ്ധൻ മറുപടി പറഞ്ഞു; മഹാരാജൻ അങ്ങയുടെ കുലം രാജകുലമാണെങ്കിൽ എന്റെ കുലം ഭിക്ഷുകുലമാണ് ആയതിനാൽ ഭിക്ഷാടനം മമ ധർമ്മവും. ആർഷഭാരത സംസ്‌ക്കാരത്തിൽ സംന്യാസിക്കും ബ്രഹ്‌മചാരിക്കും മാത്രമേ ഭിക്ഷയെടുക്കാൻ അവകാശമുള്ളൂ. മറ്റാരെങ്കിലും ഭിക്ഷയെടുത്താൽ രാജ്യം ഭരിക്കുന്ന രാജാവ് അയോഗ്യനായിതീരുന്നു. മിത്രോംസ്, ഭിക്ഷയെടുക്കുക എന്നത് സംന്യാസിയുടെ ധർമ്മവും ഭിക്ഷ നല്കുന്നത് ഗൃഹസ്ഥന്റെ ധർമ്മവുമാകുന്നു...' എന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.