ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റിന് സംഘ് പരിവാർ പിന്തുണ; ആശംസയർപ്പിച്ച് നേതാക്കളും സഹയാത്രികരും

ബജരംഗ് ദളോ ഹനുമാൻ സേനയോ എങ്കിലും ചെയ്യണമെന്ന് താനുൾപ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നതെന്ന് തൃത്താലയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ശങ്കു ടി ദാസ്

Update: 2021-11-24 12:46 GMT
Editor : André | By : Web Desk
Advertising

ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിന് പിന്തുണയുമായി സംഘ് പരിവാർ നേതാക്കളും സഹയാത്രികരും. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ശങ്കു ടി ദാസ്, വലതുപക്ഷ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ, ക്രിസ്ത്യൻ വലതുപക്ഷ സംഘടനയായ 'കാസ' തുടങ്ങിയവയാണ് ഫുഡ് സ്ട്രീറ്റിന് പിന്തുണയർപ്പിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്.

'ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ' എന്ന ടാഗ് ലൈനിൽ ജില്ലാകേന്ദ്രങ്ങളിലാണ് ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് ഇന്ന് സംഘടിപ്പിച്ചത്. ഹലാൽ ഭക്ഷ്യ വ്യവസായത്തിനെതിരെ സംഘ് പരിവാർ വിദ്വേഷപ്രചരണം നടത്തുന്നതിനിടെയാണിത്. സംഘ് പരിവാർ നേതാക്കൾ ഉയർത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ ചില ജില്ലാകേന്ദ്രങ്ങളിൽ ബീഫ്, ചിക്കൻ, ബിരിയാണി തുടങ്ങിയവയ്‌ക്കൊപ്പം പന്നിയിറച്ചിയും ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായിരുന്നു.


'ഭക്ഷണത്തിൽ ഹലാലും, ഹലാലിൽ തുപ്പലും കലർത്തുന്നത് ആധുനിക സമൂഹത്തിന് ഉൾക്കൊള്ളാനാവാത്തതാണ്. ഭക്ഷണത്തിൽ മതം കൊണ്ട് വന്ന് ജനങ്ങളെ കൊണ്ട് കഫവും തുപ്പലും തീറ്റിക്കുന്ന മത ജീവികൾക്കെതിരായി ഡി.വൈ.എഫ്.ഐ പൊതു ബോധത്തെ ഉണർത്തുന്നത് തീർത്തും അഭിനന്ദനാർഹമാണ്...' പ്രതീഷ് വിശ്വനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു ഹിന്ദുവോ ക്രൈസ്തവനോ അറുത്ത ഇറച്ചി കഴിച്ച് റഹീമും റിയാസും ഷംസീറും ഒക്കെ ഹലാൽ എന്ന അയിത്താചരണത്തിനെതിരെ രംഗത്തുവരിക തന്നെ വേണമെന്നും പ്രതീഷ് എഴുതി.

ബജ്‌റംഗ്ദളോ ഹനുമാൻ സേനയോ എങ്കിലും ചെയ്യണമെന്ന് താനുൾപ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത് എന്ന് ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 'നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്. ഭക്ഷണത്തിൽ മതം കലർത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ പോർക്ക് വിഭവങ്ങൾ ഉൾപ്പെടുത്തി നോൺ ഹലാൽ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാർഹവുമാണ്. ബജരംഗ് ദളോ ഹനുമാൻ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുൾപ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത്. അഭിവാദ്യങ്ങൾ...' എന്നാണ് ശങ്കു ടി ദാസിന്റെ പോസ്റ്റിന്റെ പൂർണരൂപം.

'ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്ഐ സമരസഖാക്കൾക്ക് ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ!' എന്നാണ് ചാനൽ ചർച്ചകളിലെ സംഘ്പരിവാർ മുഖമായ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ എഴുതിയത്. നേരത്തെ ഫുഡ് സ്ട്രീറ്റിൽ നോൺ ഹലാൽ പോർക്ക് വിന്താലു ഉൾപ്പെടുത്തണമെന്ന് ശ്രീജിത്ത് ട്രോളിട്ടിരുന്നു.

സംഘ് പരിവാർ സഹയാത്രികരും വിദ്വേഷ പ്രചാരകരുമായ 'ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ' (കാസ) സംഘടനയുടം ഡി.വൈ.എഫ്.ഐക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നു.


'നമ്മുടെ മതേതര കേരളത്തിൽ ഭക്ഷണത്തിൽ മതം കലർത്തി അന്യമതസ്ഥർ അറുത്തത് അല്ല എന്നുറപ്പുവരുത്തുന്ന തരത്തിൽ 'ഹലാൽ ' സർട്ടിഫിക്കേഷൻ ബോർഡ് വെച്ച് അയിത്തം സൃഷ്ടിക്കുന്ന, പന്നിയിറച്ചിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്ന, മത വിശ്വാസത്തിന്റെ പേരിൽ ഭക്ഷണത്തിൽ തുപ്പുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ സമരത്തിന് ഐക്യദാർഢ്യം. വർഗ്ഗീയത വേണ്ട, രുചി മതി...' എന്നാണ് കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

തിരുവനന്തപുരത്ത് ഫുഡ്‌സ്ട്രീറ്റ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ.എ റഹീം ആണ് ഉദ്ഘാടനം ചെയ്തത്. കൊടുക്കൽ വാങ്ങലുകളുടെ ചരിത്രമുള്ള, സാമുദായിക ഐക്യത്തിന്റെ നാടാണ് കേരളമെന്നും സമീപകാലത്ത് നമുക്ക് പരിചിതമല്ലാത്ത വിദ്വേഷ കാമ്പയിൻ സംഘപരിവാർ അഴിച്ചുവിടുകയാണെന്നും എ.എ റഹീം പറഞ്ഞു. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഹലാൽ വിവാദത്തിൽ എത്തിയിരിക്കുന്നു. മുസ്ലിം നാമധാരികൾ നടത്തുന്ന ഹോട്ടലുകൾക്കെതിരെ, ഹലാൽ ബോർഡുകളുള്ള ഹോട്ടലുകൾക്കെതിരെ ആസൂത്രിത വിദ്വേഷ പ്രചാരണം ആർ.എസ്.എസ് അഴിച്ചുവിടുകയാണ്. കേരളത്തിലെ ബി.ജെപി അധ്യക്ഷൻ തന്നെ പ്രചാരണത്തിന് നേതൃത്വം നൽകിയെന്നും എ.എ റഹീം വിമർശിച്ചു.

അതിനിടെ, ഹലാൽ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കൈപമംഗലം നിയോജകമണ്ഡലം കമ്മിറ്റിയാണ് ഇന്നു വൈകീട്ട് അഞ്ചു മണിക്ക് എറിയാട് ചന്തയിൽ ഹലാൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

Summary: Sangh Parivar leaders and social media activsts support Food Street program held by DYFI Kerala unit

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News