'3.80 കോടി നൽകി'; ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്നയെ കുരുക്കി സന്തോഷ് ഈപ്പന്റെ മൊഴി
പദ്ധതിയുടെ പ്രാഥമിക ചർച്ചയിൽ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പൻ ഇഡിക്ക് നൽകിയ മൊഴിയിലുണ്ട്
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ കുരുക്കിലാക്കി യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. സർക്കാരുമായി കരാർ ഒപ്പിടും മുമ്പ് തന്നെ സ്വപ്ന സുരേഷും സംഘവും കോഴ ആവശ്യപ്പെട്ടുവെന്ന് സന്തോഷ് ഈപ്പൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. പദ്ധതിയുടെ പ്രാഥമിക ചർച്ചയിൽ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പൻ ഇഡിക്ക് നൽകിയ മൊഴിയിലുണ്ട്. ലൈഫ് മിഷൻ കേസിൽ ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച തുടങ്ങുന്നത് മുതൽ കരാറിൽ ഒപ്പുവെക്കുന്നത് വരെയുള്ള നിർണായക വിവരങ്ങളാണ് സന്തോഷ് ഈപ്പന്റെ മൊഴിയിലുള്ളത്. കേസിൽ ഏഴാം പ്രതിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നാല് കോടിയിലധികം തുക കരാർ ലഭിച്ചതിന്റെ ഭാഗമായി ഇടനിലക്കാർക്ക് കോഴ നൽകിയിരുന്നു. ഇഡി യുടെ ചോദ്യം ചെയ്യലിൽ സന്തോഷ് ഈപ്പൻ നൽകിയ മൊഴി ഇങ്ങനെ.
ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് ആദ്യ ചർച്ചയിൽ സ്വപ്നാ സുരേഷും, സന്ദീപും സരിത്തുമാണ് പങ്കെടുത്തത്. പദ്ധതിയുടെ കരാർ നൽകണമെങ്കിൽ കമ്മീഷൻ നൽകണമെന്ന് ആദ്യമേ തന്നെ സ്വപ്ന ആവശ്യപ്പെട്ടു. അതോടെ ആദ്യഘട്ടത്തിൽ കരാർ വേണ്ടെന്നു വെച്ചു. രണ്ടാഴ്ചക്ക് ശേഷം കരാറിനായി സ്വപ്നയും സംഘവും വീണ്ടും ബന്ധപ്പെട്ടു.
പദ്ധതി തുടങ്ങുന്നതിന് മുൻപ് മുൻകൂറായി കരാർ തുക നൽകാമെങ്കിൽ കമ്മീഷൻ തിരികെ നൽകാമെന്ന നിബന്ധനയാണ് അന്ന് മുന്നോട്ട് വെച്ചത്. യുഎഇ കോണ്‍സുലേറ്റിനെ കാണണമെന്നും യൂണിടാക്ക് ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ 40 ശതമാനം തുക പണി തുടങ്ങുന്നതിന് മുൻപ് നൽകാമെന്ന് പറഞ്ഞതോടെ കോഴ നൽകാമെന്ന് യൂണിടാക്കും സമ്മതിച്ചു.
- 'പദ്ധതിയുടെ കരാർ നൽകണമെങ്കിൽ കമ്മീഷൻ നൽകണമെന്ന് ആദ്യമേ തന്നെ സ്വപ്ന ആവശ്യപ്പെട്ടു'
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുന്നതിന് മുൻപായിരുന്നു ഇരുകൂട്ടരും തമ്മിൽ കമ്മീഷനിൽ ധാരണയിലെത്തിയത്. തുടർന്ന് 3.80 കോടി രൂപ സ്വപ്നയ്ക്കും യുഎഇ പൗരനായ ഖാലിദിനും, 1.12 കോടി രൂപ സരിത്തിനും, സന്ദീപിനും യദുവിനും നൽകി. ഇതിന് ശേഷമാണ് പദ്ധതിയുടെ എഗ്രിമെന്റിൽ യുണിടാക്ക് ഒപ്പുവെച്ചതെന്നും ഇഡിക്ക് നൽകിയ മൊഴിയിൽ സന്തോഷ് ഈപ്പൻ പറയുന്നു
'3.80 കോടി രൂപ സ്വപ്നയ്ക്കും യുഎഇ പൗരനായ ഖാലിദിനും, 1.12 കോടി രൂപ സരിത്തിനും, സന്ദീപിനും യദുവിനും നൽകി'