'കണക്ക് പറയുമ്പോൾ എല്ലാം പറയണം'; വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശത്തിന് മറുപടിയുമായി സത്താര്‍ പന്തല്ലൂര്‍
''രാജ്യസഭയിലെയും ലോക്സഭയിലേയും ആകെ മുസ്ലിംകളുടെ എണ്ണം പരിശോധിക്കാന്‍ ഇവർ തയ്യാറുണ്ടോ ?''
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വർഗീയ പരാമർശത്തിന് മറുപടിയുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ. കണക്ക് പറയുമ്പോൾ എല്ലാം പറയണമെന്ന് സത്താർ പന്തല്ലുർ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര കാബിനറ്റില്‍ പൂജ്യവും പാർലമെന്റില് നാമമാത്രവും പ്രാതിനിധ്യമാണ് മുസ്‍ലിംകള്‍ക്കുള്ളത്. കേരളത്തില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങളെ സമുദായം തിരിച്ച് എണ്ണാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
രാജ്യസഭാ എം പിമാരില്‍ ഒമ്പതില്‍ അഞ്ചും മുസ്‍ലിംകളാണെന്ന 'യുക്തി' ഉന്നയിച്ച് ചിലർ രംഗത്ത് വരുന്നു.രാജ്യസഭയിലെയും ലോക്സഭയിലേയും ആകെ മുസ്ലിംകളുടെ എണ്ണം പരിശോധിക്കാന്‍ ഇവർ തയ്യാറുണ്ടോ ? ഈഴവരും പുലയരുമുൾപ്പടെ എല്ലാവർക്കും അർഹമായ പങ്കാളിത്തം ലഭിക്കണമെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കില്‍ കുറിച്ചു.
സത്താര്‍ പന്തല്ലൂരിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
കേന്ദ്ര കാബിനറ്റില്‍ പൂജ്യവും പാർലമെന്റില് നാമമാത്രവും പ്രാതിനിധ്യമാണ് മുസ്‍ലിംകള്‍ക്കുള്ളത്.
രാജ്യത്തെ മതനിരപേക്ഷവാദികളെല്ലാം ഈ സാഹചര്യത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്യുന്നു.
ഒരു പിന്നാക്ക അധസ്ഥിത വിഭാഗമെന്ന നിലയില്‍ മുസ്‍ലിംകളുടെ ഈ പങ്കാളിത്ത പ്രശ്നം എല്ലാവരും ഉന്നയിക്കുന്നുണ്ട്. അത് വസ്തുതാപരവുമാണ്.
അപ്പോഴാണ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം പിമാരില്‍ ഒമ്പതില്‍ അഞ്ചും മുസ്‍ലിംകളാണെന്ന 'യുക്തി' ഉന്നയിച്ച് ചിലർ രംഗത്ത് വരുന്നത്.
രാജ്യസഭയിലെയും ലോക്സഭയിലേയും ആകെ മുസ്ലിംകളുടെ എണ്ണം പരിശോധിക്കാന്‍ ഇവർ തയ്യാറുണ്ടോ ?
കേരളത്തില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങളെ സമുദായം തിരിച്ച് എണ്ണാന്‍ തയ്യാറുണ്ടോ ?
ഇരുപതില്‍ മൂന്ന് ആണ് ലോക്സഭയില്‍ പോകുന്ന മലയാളികളിലെ മുസ്‍ലിം പ്രാതിനിധ്യം.
27 ശതമാനം ജനസംഖ്യയുള്ള ഒരു സമുദായത്തിന് പതിനഞ്ച് ശതമാനം പ്രാതിനിധ്യം. ഈ അനീതി മറച്ചുവെക്കുന്നവരെ സഹായിക്കാന്‍ ഇത്തരക്കാർ തുനിഞ്ഞിറങ്ങിയത് ശരിയായില്ല.
ഇതിൽ പോലും ഇസ് ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് പ്രാധാന്യം കിട്ടുന്നത് സങ്കടകരമാണ്.
മുസ്‍ലിംകളുടെ മാത്രം പങ്കാളിത്ത പ്രശ്നം പരിഹരിക്കണമെന്നല്ല, ഈഴവരും പുലയരുമുൾപ്പടെ എല്ലാവർക്കും അർഹമായ പങ്കാളിത്തം ലഭിക്കണം. അതിന് ജനാധിപത്യ പാർട്ടികള്‍ക്ക് ഉത്തരവാദിത്തവുമുണ്ട്. ജാതി സെന്‍സസിനായി എല്ലാവരും നിലകൊള്ളേണ്ടതും അതുകൊണ്ടാണ്.