സ്‌കൂള്‍ അധ്യാപകന്‍റെ മരണം കൊലപാതകം: രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ഒരു മാസം മുമ്പ് നിലമ്പൂര്‍ പുന്നപ്പുഴയിലാണ് ചെറുപുള്ളി സ്വദേശി ബാബുവിന്‍റെ മൃതദേഹം കണ്ടെത്തിയത്
മലപ്പുറം: മുണ്ടേരി ഗവണ്‍മെന്‍റ് സ്‌കൂളിലെ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കരുളായി ചെറുപുള്ളി സ്വദേശി ബാബുവാണ് കൊല്ലപ്പെട്ടത്. കേസിൽ സ്ത്രീയുൾപ്പെടെ രണ്ട് പേരെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര കാറ്റാടി പാലത്തിന് താഴെ താമസിക്കുന്ന ഉതിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു, ഇയാളുടെ കൂടെ താമസിക്കുന്ന ലത എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 13 ന് നിലമ്പൂർ പുന്നപുഴയിലാണ് മുണ്ടേരി ഗവണ്‍മെന്‍റ് സ്‌കൂൾ അധ്യാപകനായ ബാബുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നേരത്തെ പരിചയക്കാരായ പ്രതികളും കൊല്ലപ്പെട്ട ബാബുവും കഴിഞ്ഞ മാസം ഏഴിന് പ്രതികൾ താമസിക്കുന്ന എടക്കര കാറ്റാടി പാലത്തിന് താഴെ ഒരുമിച്ച് മദ്യപിച്ചു. മദ്യപാനത്തിനിടെ ഒന്നാം പ്രതി ബിജുവിന്‍റെ കൂടെ താമസിക്കുന്ന രണ്ടാം പ്രതി ലതക്ക് ബാബു തന്‍റെ മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു. തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ബാബുവിനെ മരക്കഷണം കൊണ്ട് ബിജു തലക്കടിച്ച് വീഴ്ത്തി. അബോധാവസ്ഥയിലായ ബാബുവിനെ പ്രതികൾ ചേർന്ന് പുഴയിൽ തള്ളിയെന്നും പൊലീസ് പറയുന്നു. ഒരാഴ്ച കഴിഞ്ഞ് ജീർണിച്ച നിലയിലാണ് ബാബുവിന്‍റെ മൃതദേഹം പുന്നപ്പുഴയിൽ കണ്ടെത്തിയത്. പുഴയിൽ തള്ളുന്നതിന് മുമ്പ് ബാബുവിന്‍റെ മൊബൈൽ ഫോൺ, പേഴ്സിലുണ്ടായിരുന്ന പണം തുടങ്ങിയവ പ്രതികൾ എടുത്തിരുന്നു. പ്രതികളെ പിടികൂടിയതിന് പിന്നാലെ പ്രതികളുടെ താമസ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിരലടയാള വിദഗ്ധരടങ്ങുന്ന സംഘമാണ് തെളിവെടുത്തത്.