സംഘ്പരിപാറിന് ന്യായങ്ങൾ ചമച്ചുനൽകുന്ന ലീഗിന് എൻ.ഡി.എ സഖ്യകക്ഷിയാകാൻ തടസ്സമില്ല: എസ്.ഡി.പി.ഐ
പ്രാണപ്രതിഷ്ഠയെ പിന്തുണച്ചതിലൂടെ പള്ളികളുടെ ഖാദി മാത്രമല്ല നിരവധി ക്ഷേത്രങ്ങളുടെ മുഖ്യകാർമികനാവാനുള്ള യോഗ്യത കൂടിയുണ്ടെന്ന് സാദിഖലി തങ്ങൾ നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ടെന്നും എസ്.ഡി.പി.ഐ വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് പറഞ്ഞു.
കോഴിക്കോട്: സംഘ്പരിവാറിന് ന്യായങ്ങൾ ചമച്ചുനൽകുന്ന മുസ് ലിം ലീഗിന് എൻ.ഡി.എ സഖ്യകക്ഷിയാകുന്നതിൽ തടസ്സമുണ്ടാകില്ലെന്ന് എസ്.ഡി.പി.ഐ വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്. പ്രാണപ്രതിഷ്ഠയെ പിന്തുണച്ചതിലൂടെ പള്ളികളുടെ ഖാദി മാത്രമല്ല നിരവധി ക്ഷേത്രങ്ങളുടെ മുഖ്യകാർമികനാവാനുള്ള യോഗ്യത കൂടിയുണ്ടെന്ന് സാദിഖലി തങ്ങൾ നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം:
500 വർഷത്തോളം മുസ്‌ലിംകൾ ആരാധന നടത്തിവന്ന ബാബരി മസ്ജിദ് കയ്യേറി വിഗ്രഹം പ്രതിഷ്ഠിക്കുകയും അവസാനം തച്ചുതകർക്കുകയും ചെയ്ത (എല്ലാം ക്രിമിനൽ കുറ്റം - സുപ്രിംകോടതി നിരീക്ഷണം) മസ്ജിദ് ഭൂമിയിൽ സർക്കാർ കാർമികത്വത്തിൽ രാമക്ഷേത്രം സ്ഥാപിച്ച് പ്രാണപ്രതിഷ്ഠ നടത്തിയത് ദേശീയ താൽപ്പര്യമായും മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന കൃത്യമായും ന്യായീകരിക്കുന്ന സംസ്ഥാന ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങളുടെ പ്രസ്താവന കേട്ടപ്പോൾ അങ്ങനെയാണു തോന്നിയത്.
ലീഗിന്റെ 'സംസ്ഥാന തങ്ങൾ' കേവലം ഒരു സംസ്ഥാനത്തിന്റെ പ്രസിഡന്റല്ലല്ലോ. ദേശീയ തലത്തിൽ തന്നെ ലീഗിന്റെ അവസാന വാക്കാണ്. 'കേരള തങ്ങൾ' ദേശീയ പ്രസിഡന്റിന്റെ മേലെ സ്ഥാപിക്കപ്പെടുന്നത് പല ദേശീയ പരിപാടികളിലും നമ്മൾ കാണാറുള്ളതാണ്. അതിന് ഭരണഘടനാ ബാഹ്യമായ ചില പദവികൾ കൽപ്പിച്ചു നൽകുന്നതും. അതിനാൽ ലീഗിന് ഇദ്ദേഹത്തിന്റെ വാക്കുകൾ തള്ളിക്കളയാനാവില്ല. സംഘ്പരിവാറിന് ന്യായങ്ങൾ ചമച്ചു നൽകുന്ന സ്ഥിതിക്ക് ഇനി ലീഗിന് എൻ.ഡി.എ സഖ്യകക്ഷിയാവുന്നതിൽ ഇരുകൂട്ടർക്കും തടസ്സങ്ങളേതുമുണ്ടാകില്ല.
പ്രതിഫലനം (ഗുണഫലം) ഉടനെ ഉണ്ടായല്ലോ. ഉടനെ വന്നു, വി.ഡി സതീശന്റെ പ്രതികരണം. അല്ലെങ്കിൽ തന്നെ ഏതു നേരവും മറുപക്ഷം ചാടാൻ ഓങ്ങിനിക്കുന്ന കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്ന ഓരേ ഒരു ഘടകം കേരളത്തിലെ മുസ്‌ലിം ലീഗ് പിണങ്ങുമോ എന്നതാണ്. ഇനി ആ ഭയം വേണ്ടതില്ല. കോൺഗ്രസ്, പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമോ എന്ന ചർച്ച വന്നപ്പോൾ, കോൺഗ്രസ് പങ്കെടുക്കുക തന്നെയാണ് വേണ്ടതെന്ന് ലീഗ് നേതൃത്വം പറയാതെ പറയുന്നുണ്ടായിരുന്നു. കോൺഗ്രസിന് അത് തിരിയാതെ പോയോ എന്നാണ് സംശയം.
ബാബരി തകർത്ത ഘട്ടത്തിൽ 'കാശി, മഥുര ബാഖിഹൈ' എന്ന് പ്രഖ്യാപിച്ചവർ ബാക്കിപ്പണി ദ്രുതഗതിയിൽ നടപ്പിലാക്കുകയാണല്ലോ. കാശി ഏറെ മുന്നോട്ടുപോയി. മഥുര തുടങ്ങാനിരിക്കുന്നു. താജ്മഹൽ കയ്യേറ്റത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. ഇതും മതേതരത്വത്തെ ശക്തിപ്പെട്ടുത്തുമെന്ന് 'മാധാനത്തിന്റെ വെള്ളിവെളിച്ചത്തിന്റെ തങ്ങൾ പുമാൻ പറയുമോ? അനേകം പള്ളികളുടെ മേൽഖാദി മാത്രമല്ല നിരവധി ക്ഷേത്രങ്ങളുടെ മുഖ്യകാർമികനാകാനുള്ള യോഗ്യത കൂടിയുണ്ടെന്ന് തെളിയിച്ചിട്ടുണ്ടല്ലോ തങ്ങൾ നേരത്തെ.
വാപ്പ ആനപ്പുറത്തിരുന്നത് കൊണ്ട് മകന്റെ പൃഷ്ഠത്തിൽ തയമ്പുണ്ടാകണമെന്നില്ല. മുസ്‌ലിം സുദായത്തിന്റെ ഒരു ദുര്യോഗം !
ഇന്ത്യാ മഹാരാജ്യം തങ്ങളുടെ കൺമുന്നിൽ തല്ലിക്കൊല്ലപ്പെട്ടുകൊണ്ടിരിക്കെ രാജ്യഞ്ഞ 70 ശതമാനത്തോളം വരുന്ന നിസ്സഹായരായ ജനസമൂഹം, ഫാഷിസ്റ്റ് വിരുദ്ധരായ മുഴുവൻ ആളുകളുടെയും ഒരു സംഘടിത ബദൽ രൂപപ്പെട്ടുവരാൻ ആഗ്രഹിച്ചു പോകുന്നു അതിന് പ്രേരണയും പ്രചോതനവുമെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവരുടെ കാപട്യമാണ് ഇവിടെ അനാവൃതമാകുന്നത്.
ഒരു കാര്യം പറയാതെ വയ്യ, സംഘ്പരിവാരം രാജ്യത്തെ കൊന്നു കൊലവിളിച്ച് മുന്നേറുമ്പോൾ നിവർന്ന് നിന്ന് അതിനെതിരെ സംസാരിക്കുന്ന എസ്.ഡി.പി.ഐ പോലുള്ള 'ചെറുതു'കളോട് മിണ്ടിപ്പോകരുത്, തെരഞ്ഞെടുപ്പിന്റെ ഉമ്മറപ്പടി വാതിൽക്കലൊന്നും കണ്ടു പോകരുത്, തങ്ങൾ ഒറ്റക്കെട്ടായി ഫാഷിസത്തെ പ്രതിരോധിക്കാൻ വരികയാണ് എന്ന് ബദലുകാർക്കുവേണ്ടി സംസാരിക്കാൻ വരുന്നവരോട് ചോദിച്ചു പോവുകയാണ് ആരിലാണ് ജനങ്ങൾ ബദല് കാണേണ്ടത്? ആരെയാണ് വിശ്വസിക്കേണ്ടത്, ആശ്രയിക്കേണ്ടത്? (കല്യാണത്തിന് പങ്കെടുക്കില്ല, -പ്രാണപ്രതിഷ്ഠ - തലേ ദിവസം പോകും, പിറ്റേന്ന് സൽക്കാരത്തിന് പോകും, അതേദിവസം മറ്റൊരിടത്ത് പാർട്ടി നടത്തും എന്നു പറയുന്ന) കോൺഗ്രസിനെയോ? നിതീഷ് - മമതമാരെയോ?
ന്യൂനപക്ഷ നേതൃത്വത്തെ രൂക്ഷമായി വിമർശിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. എന്തു ചെയ്യാം.ക്ഷമക്കും ഒരതിരില്ലേ..? സമുദായത്തെ ഒറ്റുക്കൊടുക്കാൻ മുതിരുന്ന നേതൃത്വത്തെ തിരുത്താൽ നിഷ്‌കളങ്കരായ ലീഗ് അണികൾ തയാറാകുമോ?