രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാവിധി ഇന്നുണ്ടായേക്കും
15 പ്രതികളും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
Update: 2024-01-22 09:00 GMT
ആലപ്പുഴ: ബി.ജെ.പി നേതാവായിരുന്ന രൺജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്നുണ്ടായേക്കും. 15 പ്രതികളും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് കനത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
ഒന്ന് മുതൽ എട്ടു വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവർക്കെതിരെ ഗൂഢാലോചനാക്കുറ്റമാണുള്ളത്. ഇന്ന് പ്രതിഭാഗത്തിന്റെ വാദം കേട്ട ശേഷമായിരിക്കും ശിക്ഷാവിധിയുണ്ടാവുക.
2021 ഡിസംബർ 19ന് പുലർച്ചെയാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിനെ കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ നേതാവായിരുന്ന മുഹമ്മദ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ കൊലപ്പെടുത്തിയത്.