ലൈംഗിക പീഡനം: കീഴടങ്ങാൻ കൂടുതല്‍ സമയം തേടി മുൻ സർക്കാർ പ്ലീഡർ പി.ജി മനു ഉപഹരജി നല്‍കി
മുൻകൂർജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉപഹരജിയിൽ പറയുന്നു
കൊച്ചി: ലൈംഗിക പീഡനക്കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം തേടി മുൻ സർക്കാർ പ്ലീഡർ പി.ജി മനു. ഹൈക്കോടതിയിൽ പി. ജി മനു ഉപഹരജി നൽകി.മുൻകൂർജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉപഹരജിയിൽ പറയുന്നു. അതിനാൽ കീഴടങ്ങാൻ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടു. ഉപഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.
പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. ഹൈക്കോടതിയിൽ ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പെൺകുട്ടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതിയിലാണ് ആദ്യം കോടതി വാദം കേട്ടിരുന്നത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.
പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നൽകാനാവില്ലെന്നും മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. അതിജീവിതയുടെ ശാരീരക-മാനസിക അവസ്ഥ സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതി നിരീക്ഷണം. മുമ്പ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം താൻ ചെയ്തിട്ടില്ലെന്നുമാണ് മനു കോടതിയിൽ പറഞ്ഞത്. ജോലി സംബന്ധമായ ശത്രുതയെ തുടർന്ന് തന്റെ സൽപ്പേര് തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി നൽകിയ വ്യാജപരാതിയാണ് ഇതെന്നും മനു ആരോപിച്ചു.