മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം; എഴ് വിദ്യാർഥികൾക്ക് പരിക്ക്
മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർക്കും നാല് കെഎസ്‌യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്
എറണാകുളം: മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം ഏഴ് വിദ്യാർഥികൾക്ക് പരിക്ക്. മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർക്കും നാല് കെഎസ്‌യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. എസ് എഫ് ഐ പ്രവർത്തകർ ജനറൽ ആശുപത്രിയിലും കെ.എസ്.യു പ്രവർത്തകർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ചികിത്സ തേടി.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോളേജിന്റെ ബോയ്‌സ് ഹോസ്റ്റലിൽ എസ്എഫ്‌ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. മുപ്പതോളം വരുന്ന എസ്എഫ്‌ഐ പ്രവർത്തകർ ഹോസ്റ്റൽ മുറിയിൽ കയറി മർദിച്ചെന്നാണ് കെഎസ്‌യു പറയുന്നത്. കാമ്പസിൽ പഠിക്കാത്തവർ ഹോസ്റ്റൽ മെസിൽ കയറി ഭക്ഷണം കഴിച്ചത് ചോദ്യം ചെയ്തതോടെയാണ് കൂട്ടത്തോടെ എത്തി മർദിച്ചതെന്ന് ഇവർ പറയുന്നു. എന്നാൽ ആദ്യം ഹോസ്റ്റലിൽ കയറി മർദ്ദിച്ചത് കെഎസ്‌യു പ്രവർത്തകരാണെന്ന് എസ്എഫ്‌ഐയും ആരോപിക്കുന്നു. ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്തത് ചോദ്യം ചെയ്തതോടെയാണ് പ്രവർത്തകരെ മർദിച്ചതെന്നുമാണ് എസ്എഫ്‌ഐ പറയുന്നത്.