'മയക്കുമരുന്ന് വിൽപ്പന ചോദ്യം ചെയ്തതിന് എസ്.എഫ്.ഐ സമരം'; ഗുരുതര ആരോപണവുമായി കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍
എസ്.എഫ്.ഐ ഉപരോധത്തിന് ഒടുവിൽ കാസര്‍കോട്ടെ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍ രമയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു
കാസര്‍കോട്: ഗവ. കോളജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ഡോ. എന്‍ രമ. കോളജിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായും വിദ്യാർത്ഥികൾക്കിടയിൽ അരുതാത്ത പലതും നടക്കുന്നുണ്ടെന്നും രമ ആരോപിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് എസ്.എഫ്.ഐ തനിക്കെതിരെ സമരം നടത്തിയതെന്നും രമ ആരോപിച്ചു. അതിനിടെ ടീച്ചര്‍ക്കെതിരെ നടപടി വന്നതിലുള്ള വിദ്വേഷമാണ് ആരോപണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ കുറ്റപ്പെടുത്തി.
അതേ സമയം പ്രിൻസിപ്പാളിന് പിന്തുണയുമായി ബി.ജെ.പി രംഗത്ത് എത്തി. എസ്.എഫ്.ഐ ഉപരോധത്തിന് ഒടുവിൽ കാസര്‍കോട്ടെ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍ രമയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പരാതി ഉന്നയിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന് ആരോപിച്ചായിരുന്നു ഉപരോധം. പ്രിൻസിപ്പാളിൻ്റെ ചേംബർ ഉപരോധിച്ചു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പടെ 60 പേർക്കെതിരെയാണ് കേസ്. നിയമ വിരുദ്ധമായ സംഘം ചേരൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.