'ഒരുത്തന്‍ എന്നെ അടിക്കണമെന്ന് പറഞ്ഞു, കേറി വാ അടിക്കാന്‍': പൊലീസിനോട് ഷാഫി പറമ്പില്‍
'ഞങ്ങളുടെ പ്രവര്‍ത്തകരുടെ കയ്യും തലയുമൊക്കെ അടിച്ചുപൊട്ടിച്ചിട്ട് സ്വസ്ഥമായിട്ട് ഭരണം നടത്താമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ട'
കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലേക്കുള്ള യൂത്ത് കോൺഗ്രസ് - കെ.എസ്.യു മാർച്ചിൽ സംഘർഷം. പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ലാത്തിചാര്‍ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാന്‍ പോലും പൊലീസ് സമ്മതിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
"ഞങ്ങളുടെ പ്രവര്‍ത്തകരുടെ കയ്യും തലയുമൊക്കെ അടിച്ചുപൊട്ടിച്ചിട്ട് സ്വസ്ഥമായിട്ട് ഭരണം നടത്താമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ട. കുട്ടികളെ തല്ലാന്‍ നോക്കുമ്പോള്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ നെഞ്ചത്തു തള്ളി. കൈമുട്ടുകൊണ്ട് കുത്താന്‍ ശ്രമിച്ചു. ഇനിയും തല്ലുമെന്ന് പൊലീസ് പറഞ്ഞപ്പോള്‍ തല്ലേണ്ടത് ആര്‍ക്കാണെങ്കിലും വരാന്‍ തിരിഞ്ഞുനിന്ന് പറയേണ്ടിവന്നു. ധിക്കാരവും ധാര്‍ഷ്ട്യവും മുഖ്യമന്ത്രിയെ പോലെ പൊലീസും കൊണ്ടുനടക്കാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ പറയുന്നു, വെറുതെയിരിക്കില്ല. ജനാധിപത്യ സമരങ്ങള്‍ ഇനിയും നിങ്ങള്‍ കാണേണ്ടിവരും. ഈ സമരങ്ങളെല്ലാം നടക്കുന്നത് നികുതി ഭീകരതയ്ക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിന്‍റെ ഭാഗമായിട്ടാണ്. ചര്‍ച്ച വഴിമാറ്റാന്‍ പറ്റില്ല. സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച നികുതി ഭീകരതയ്ക്കെതിരെ സമരം തുടരും. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പം പോരാട്ടം തുടരും"- ഷാഫി പറമ്പില്‍ പറഞ്ഞു.
കെ.എസ്.യു പ്രവർത്തക മിവ ജോളിയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തതിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഉന്തും തള്ളുമായതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ കാണാൻ കളമശേരി സ്റ്റേഷനിലെത്തിയപ്പോഴാണ് ഷാഫി പറമ്പിലിനെ പൊലീസ് കയ്യേറ്റം ചെയ്തത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. എം.എല്‍.എയെ കയ്യേറ്റം ചെയ്ത പൊലീസുകാര്‍ക്കെതിരെയും പൊലീസ് വാഹനത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവത്തിലും നടപടിയെടുക്കുമെന്ന് തൃക്കാക്കര എ.സി.പി പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.