നരബലിക്കേസിലെ മുഖ്യപ്രതി ഷാഫി പീഡനക്കേസിലും പ്രതി

നരബലിക്ക് വിധേയയായ പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കടവന്ത്ര പൊലീസ് കണ്ടെത്തി

Update: 2022-10-11 12:32 GMT
Editor : ijas
Advertising

കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലിക്ക് പിന്നിലെ മുഖ്യപ്രതി ഷാഫി പീഡനക്കേസിലും പ്രതി. 2020 ൽ കോലഞ്ചേരിയിൽ വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഷാഫി. കേരളം ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു കോലഞ്ചേരി പാങ്ങോടുള്ള വൃദ്ധയെ പീഡിപ്പിച്ച കേസ്. മാനസിക വൈകല്യമുള്ള സ്ത്രീയ ഓമന എന്ന സ്ത്രീയുടെ സഹായത്തോടെ പീഡിപ്പിച്ചുവെന്നതായിരുന്നു കേസ്. കേസില്‍ അറസ്റ്റിലായ ഷാഫി 2021 ൽ ജാമ്യത്തിലിറങ്ങുകയായിരുന്നു.

Full View

അതിനിടെ നരബലിക്ക് വിധേയയായ പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കടവന്ത്ര പൊലീസ് കണ്ടെത്തി. നിരവധി കഷണങ്ങളായി മുറിച്ചാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തിരുന്നത്. കൈയ്യും കാലും വെട്ടിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. ആഴ്ചകള്‍ പഴക്കമുള്ള മൃതദേഹമാണ് വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് സംഘങ്ങളായുള്ള പൊലീസ് ആണ് മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. റോസ്‍ലിന്‍റെ മൃതദേഹത്തിനായി കാലടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കേസിലെ ഏജന്‍റ് ഷാഫിയെയാണ് ആദ്യം സംഭവസ്ഥലത്ത് എത്തിച്ചത്. അധികം വൈകാതെ മറ്റു പ്രതികളായ ഭഗവല്‍ സിംങ്, ലൈല എന്നിവരെയും സംഭവസ്ഥലത്തെത്തിച്ചു.

രണ്ട് സ്ത്രീകളെയാണ് പത്തനംതിട്ടയില്‍ ഐശ്യര്യത്തിന് വേണ്ടി ബലി കൊടുത്തത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ലോട്ടറി കച്ചവടം നടത്തുന്ന പത്മയെ കാണാതായത് സെപ്റ്റംബര്‍ 26നാണ്. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മകന്‍ ശെല്‍വം കടവന്ത്ര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പത്മയുടെ ഫോണിലേക്ക് കൂടുതല്‍ വിളികള്‍ എത്തിയത് പെരുമ്പാവൂര്‍ സ്വദേശി ഷാഫിയില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് നരബലിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇന്നലെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തതോടെ ഷാഫി കുറ്റം സമ്മതിച്ചു.

പത്മക്ക് പുറമെ റോസ് ലിന്‍ എന്ന കാലടി സ്വദേശിയെയും ബലി നല്‍കിയെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധനയില്‍ കാലടി സ്വദേശിയുടെ തിരോധാനത്തിലും കേസ് രജിസ്റ്റർ ചെയ്തതായി വ്യക്തമായി. പത്തനംതിട്ട എലന്തൂർ പുന്നക്കാട് സ്വദേശികളായ ഭഗവല്‍ സിംഗ്-ലൈല ദമ്പതികള്‍ക്കായാണ് ബലി നടത്തിയതെന്ന് ഏജന്‍റ് മൊഴി നല്‍കിയതോടെ ഇവരേയും കസ്റ്റഡിയില്‍ എടുത്തു. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരിന്നു ബലിയെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News