തിരുവല്ലത്തെ ഷഹാനയുടെ മരണം: ഭർത്താവും ഭർതൃമാതാവും രക്ഷപ്പെട്ട വാഹനം കസ്റ്റഡിയിൽ
നൗഫലിന്റെ സഹോദരൻറെ ഭാര്യയുടെ കുടുംബത്തെ കേന്ദ്രീകരിച്ച് അന്വേഷണം വിപുലമാക്കി പോലീസ്
തിരുവനന്തപുരം:തിരുവല്ലത്തെ ഷഹാനയുടെ മരണത്തെ തുടർന്ന് ഒളിവിൽ പോയ ഭർത്താവ് നൗഫലും ഭർതൃമാതാവും രക്ഷപ്പെട്ട വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്.ഇരുവരുടെയും ഫോണുകൾ നൗഫലിന്റെ സഹോദരൻറെ ഭാര്യയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഷഹാനയുടെ മരണവിവരം അറിഞ്ഞ ഉടനെ ഇരുവരും ഒളിവിൽ പോയിരുന്നു.അതെ സമയം നൗഫലിന്റെ സഹോദരൻറെ ഭാര്യയുടെ കുടുംബത്തെ കേന്ദ്രീകരിച്ച് അന്വേഷണം വിപുലമാക്കി പോലീസ്
മകളുടെ മരണത്തിൽ സ്ത്രീധനപീഡന കുറ്റം ചുമത്താത്ത പോലീസ് നടപടി വിവാദമായി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഷഹാനയുടെ കഴുത്തിൽ ഭർത്താവ് ഷാളിട്ട് മുറുക്കിയെന്ന് മാതാപിതാപിതാക്കൾ മീഡിയ വണ്ണിനോട് പറഞ്ഞു. മൊഴിയുണ്ടായിട്ടും പോലീസ് ഇതേവരെ എഫ് ഐ ആറിൽ മാറ്റം വരുത്തിയിട്ടില്ല.
ഷഹാനയുടെ മരണത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ആത്മഹത്യാ പ്രേരണാ കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. കൂടുതൽ അന്വേഷണം നടത്തി എഫ്ഐആർ വിപുലപ്പെടുത്തുമെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാൽ ഭർത്താവിനും കുടുംബത്തിനും എതിരെ ആത്മഹത്യാ പ്രേരണാ കുറ്റം മാത്രം ചുമത്തി കേസ് ഒതുക്കി തീർക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നാണ് ഷഹാനയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. മൊഴിയുണ്ടായിട്ടും സ്ത്രീധന പീഡനം പോലീസ് എഫ് ഐ ആറിൽ ഉൾപ്പെടുത്താൻ പോലീസ് തയാറാകുന്നില്ല.
സ്ത്രീധന പീഡനത്തെ തുടർന്ന് 22കാരിയുടെ ജീവൻ പൊലിഞ്ഞിട്ട് മൂന്നു ദിവസമായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. ശക്തമായ നിയമങ്ങൾ നിലനിൽക്കവെയാണ് പോലീസിന്റെ അലംഭാവം. അതേസമയം സിപിഐഎം നേതാവ് പി കെ ശ്രീമതി ടീച്ചർ ഷഹാനയുടെ കുടുംബത്തെ സന്ദർശിച്ചു.
രണ്ടുവർഷം മുമ്പ് കൊറോണക്കാലത്താണ് നൗഫലും ഷഹാനയും തമ്മിൽ വിവാഹം നടന്നത്. സ്ത്രീധനമായൊന്നും വേണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ, കല്യാണം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോൾ തന്നെ ഷഹാനയെ ഭർതൃവീട്ടുകാർ ക്രൂരമായ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയതായി ഷഹാനയുടെ മാതാവ് പറയുന്നു.
ഈ അടുത്തും മകൾക്ക് ക്രൂരമായ ശാരീരിക പീഡനമാണ് ഭർതൃവീട്ടിൽ നിന്നേൽക്കേണ്ടി വന്നത്. തലയിൽ അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും മർദ്ദിക്കുകയും ചെയ്തു. പീഡനം സഹിക്കാനാകാതെ മകൾ തന്നെ വീഡിയോ കാൾ ചെയ്തപ്പോൾ ഭർതൃമാതാവ് ഫോൺ തട്ടിപ്പറിച്ച ശേഷം കൊല്ലുമെന്ന് ആക്രോശിക്കുകയും മർദ്ദിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടുമാസമായി ഷഹാന സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഷഹാനയെ കാണാൻ വീട്ടിലെത്തിയ നൗഫൽ ഒന്നര വയസുകാരനായ കുട്ടിയെയും എടുത്തുകൊണ്ടു പോയതാണ് മരണത്തിനുള്ള പെട്ടെന്നുള്ള പ്രേരണയായത് എന്ന് ബന്ധുക്കൾ പറയുന്നു.മർദ്ദനമേറ്റതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, കുഞ്ഞിനെ കൊണ്ടുപോയ മനോവിഷമം മൂലമാണ് യുവതിയുടെ മാറണമെന്നാണ് പൊലീസിന്റെ എഫ്ഐആർ റിപ്പോർട്ട് പറയുന്നത്.