''ഷംസീര്‍ ഒരു മതത്തെയും അവഹേളിച്ചിട്ടില്ല, മുസ്ലിം ആയതുകൊണ്ട് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു''; ഇ.പി ജയരാജൻ
പി. ജയരാജൻ നടത്തിയ മോർച്ചറി പരമാർശം പ്രാസഭംഗിക്ക് വേണ്ടി മാത്രമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.
കണ്ണൂർ: ഷംസീർ ഒരു മത വിഭാഗത്തെയും അവഹേളിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. അതിനെതിരെ ചിന്തിക്കുന്നവരെ ജനം ഒറ്റപ്പെടുത്തും. ഷംസീറിന്റെ പ്രസംഗം തെറ്റായി ഉള്ളതല്ല. ഒരു മത വിഭാഗത്തെയും അവഹേളിച്ചിട്ടില്ല. മുസ്ലിം ആയതുകൊണ്ട് ഷംസീറിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. അത് പി ജയരാജനെ വേദനിപ്പിച്ചിട്ടുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
എ.എൻ ഷംസീറിനെതിരായ യുവമോർച്ചയുടെ കൊലവിളി പ്രസംഗത്തിന് മറുപടിയായി പി. ജയരാജൻ നടത്തിയ മോർച്ചറി പരമാർശം പ്രാസഭംഗിക്ക് വേണ്ടി മാത്രമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. പി ജയരാജന്റെ ഭീഷണി പ്രസംഗം അദ്ദേഹത്തിന്റെ ഭാഷാ ചാതുര്യത്തിന്റെ ഭാഗമായുള്ള പ്രസ്താവന മാത്രമാണെന്നും, പ്രസംഗത്തിലെ ഭാഷാ ഭംഗിക്കാണ് യുവമോർച്ച മോർച്ചറിയിലാകും എന്ന് പറഞ്ഞത്. അത് പ്രാസഭംഗിയുടെ ഭാഗമാണെന്നും ഇ.പി ജയരാജൻ.
അതേ സമയം പി.ജയരാജന്റെ ഭീക്ഷണി പ്രസംഗവുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പാർട്ടിയുടെ സംസ്ഥാന നേതൃത്വം തന്നെ പി.ജയരാജനെ നേരിട്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ പരസ്യമായി ഈ കാര്യത്തിൽ പ്രതികരിക്കാനോ പി. ജയരാജനെ തളളിക്കളയാനോ പാർട്ടി തയ്യാറായിട്ടില്ല.