'ഞങ്ങൾക്ക് ആകപ്പാടെ ഉണ്ടായിരുന്ന കരടാണ് സാറേ... എന്‍റെ കുട്ടി എവിടെ പോയോ എന്തോ'; മകനെ കാത്ത് ഒരച്ഛനും അമ്മയും
അച്ഛനേയും അമ്മയേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിപ്പോയതാണ് ശരത് ബാബു. പിന്നീട് മടങ്ങിവന്നില്ല.
മേപ്പാടി: ഒരു നാടിനെ മുഴുവൻ വേരോടെ പിഴുതെടുത്ത് പോയ ഉരുൾപൊട്ടൽ വേണ്ടപ്പെട്ടവരേയും സ്വന്തക്കാരെയും തട്ടിയെടുത്തതിന്റെ വേദനയാണ് ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം. വിലപിക്കുന്നവരും അലമുറയിട്ട് കരയുന്നവരും, അന്നൊലിച്ചെത്തിയ പുഴവെള്ളം പോലെ കണ്ണീർവാർത്ത് കലങ്ങിമറിഞ്ഞ മനസുമായി നീറി കഴിയുന്നവരും നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്.
ദുരന്തം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും ഏക മകനെ കണ്ടെത്താനാവാത്ത വേദനയിലാണ് ചൂരൽമല സ്വദേശി മുരുകനും ഭാര്യ സുബ്ബലക്ഷ്മിയും. ആ ദുരന്ത രാത്രിയിൽ അച്ഛനേയും അമ്മയേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിപ്പോയതാണ് മകൻ ശരത് ബാബു. 'ഇപ്പൊ വരാം നിങ്ങൾ ഇവിടെ ഇരിക്കണം' എന്ന് ഇരുവരോടും പറഞ്ഞാണ് അവൻ രക്ഷാപ്രവർത്തനത്തിനായി ഓടിപ്പോയത്. എന്നാൽ പിന്നീട് മടങ്ങിവന്നില്ല.
15 പേരിലേറെ പേരെയാണ് ശരത് ബാബു ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. 'ഇപ്പൊ വരും എന്ന് കരുതി കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഞങ്ങൾക്ക് ആകപ്പാടെ ഉണ്ടായിരുന്ന കരടാണ് ഞങ്ങളെ വിട്ട് പോയി.. സാറെ' എന്ന് ആ അമ്മ നെഞ്ചു പൊട്ടി പറയുന്നു.
'എന്റെ കുട്ടി എവിടെ പോയോ എന്തോ... 'എന്ന വിലാപവും നിലവിളിയും ഉള്ളുലയ്ക്കുന്ന നോവായി. കല്പറ്റ എസ്ഡിഎംഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലിൽ അവർ കാത്തിരിപ്പാണ് മകന് വേണ്ടി, അമ്മേ എന്ന് നീട്ടിവിളിച്ചുള്ള അവന്റെ വരവിനായി.