കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി
കേസിൽ കൂട്ട് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരെത്തെ ജാമ്യം നൽകിയിരുന്നു
കൊച്ചി: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുഹൃത്തായ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന കേസിൽ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂട്ട് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരെത്തെ ജാമ്യം നൽകിയിരുന്നു.
ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ചാണ് ഗ്രീഷ്മക്ക് ഉപാധികളോടെ ജാമ്യം നൽകിയത്. കേസിൽ കുറ്റപത്രം സമർപ്പിച്ച് കൊണ്ട് തുടർ നടപടികൾ അവസാനിച്ചതാണ്. ഇനി വിചാരണ നടപടികൾ മാത്രമാണ് നടക്കുന്നത്. അതു കൊണ്ട് കേസിൽ ജാമ്യം നൽകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെടുകയായിരുന്നു. സാധാരണയായി കുറ്റപത്രം സമർപ്പിച്ച കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകാറുണ്ട്. ഈ കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗ്രീഷ്മക്ക് ജാമ്യം നൽകിയിരിക്കുന്നത്.