ഷാരോൺ വധക്കേസ് തമിഴ്‌നാടിന് കൈമാറില്ല;മുഖ്യമന്ത്രിയെ കണ്ട് കുടുംബം

നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.

Update: 2022-11-03 12:07 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: പാറശാല ഷാരോണിന്റെ കൊലപാതകക്കേസ് തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയതായി ഷാരോണിന്റെ കുടുംബം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു. 

ഷാരോൺ മരിക്കുന്നത് കേരളത്തിലാണെങ്കിലും ഗ്രീഷ്മ വിഷം നൽകിയത് രാമവർമൻചിറയിലെ വീട്ടിൽ വെച്ചാണ്. ഇത് തമിഴ്നാട് പോലീസിന്റെ പരിധിയിലുള്ള സ്ഥലമാണ്. അതിനാൽ കേസ് തമിഴ്‌നാടിന് കൈമാറുമോ എന്ന സംശയം നേരത്തെ തന്നെ നിലനിന്നിരുന്നു. എന്നാൽ, കേസ് തമിഴ്‌നാടിന് കൈമാറരുതെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. 

കേസ് ഒരു കാരണവശാലും തമിഴ്‌നാടിന് കൈമാറില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ഷാരോണിന്റെ അച്ഛൻ ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഷാരോൺ കൊലക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം അപേക്ഷ നൽകി. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. ഗ്രീഷ്മയെ പൊലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.

ആരോഗ്യസ്ഥിതി തൃപ്തികരമെന്ന ഡോക്ടർമാരുടെ അഭിപ്രായം ലഭിച്ചാൽ ഗ്രീഷ്മയെയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിലെ ചോദ്യംചെയ്യലിൽ കണ്ടെത്തൽ.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News