'ഇന്ത്യയുടെ ഇസ്രായേൽ അസൂയ'; ചർച്ചയായി തരൂരിന്റെ പഴയ ലേഖനം
ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഇന്ത്യയെ അസൂയപ്പെടുത്തുന്നു എന്ന് അവകാശപ്പെടുന്നതായിരുന്നു ലേഖനം
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളത്തിൽ ഹമാസിനെ ഭീകവാദ സംഘടനയെന്ന് വിശേഷിപ്പിച്ച പരാമർശം വിവാദമായി നിൽക്കവെ, ചർച്ചയായി ശശി തരൂരിന്റെ പഴയ ലേഖനം. 2009 ജനുവരി 23ന് 'ഇന്ത്യയുടെ ഇസ്രായേൽ അസൂയ' എന്ന തലക്കെട്ടിൽ ഇസ്രായേൽ പത്രമായ ഹാരറ്റ്‌സില്‍ എഴുതിയ ലേഖനമാണ് വീണ്ടും ചർച്ചയാകുന്നത്. 2008ലെ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ ലേഖനം.
ഇന്ത്യയ്ക്കും ഇസ്രായേലിനും പൊതുശത്രുക്കളുണ്ട് എന്നും ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഇന്ത്യയെ അസൂയപ്പെടുത്തുന്നു എന്നും അവകാശപ്പെടുന്നതായിരുന്നു ലേഖനം. 'ഇസ്രായേലി വിമാനങ്ങളും ടാങ്കുകളും ഗസ്സയിൽ കനത്ത നാശം വിതയ്ക്കുമ്പോൾ ഇന്ത്യയുടെ നേതാക്കളും യുദ്ധചിന്തകരും അസാധാരണ താത്പര്യത്തോടെയും കുറച്ചു സഹാനുഭൂതിയോടെയുമാണ് അതിനെ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.' - എന്നു പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്.
തൊട്ടടുത്ത പാരഗ്രാഫിൽ തരൂർ ഹമാസിനെ വിമർശിക്കുന്നു. 'സൈനിക നടപടി അവസാനിപ്പിക്കണമെന്ന ലോകത്തിന്റെ ആവശ്യത്തിനൊപ്പം ഇന്ത്യയും ചേർന്നു. അതിൽ ആശ്ചര്യമില്ല. എന്നാൽ ഇസ്രായേലിനെതിരെയുള്ള വിമർശനത്തിൽ ഗവൺമെന്റ് നിശ്ശബ്ദമായിരുന്നു. കാരണം, സ്വന്തം പൗരന്മാർക്കെതിരെ ഹമാസ് നിയന്ത്രിത പ്രദേശത്തു നിന്ന് ഭീകരർ നടത്തുന്ന ആക്രമണം നിർത്താൻ ഇസ്രായേൽ നിശ്ചയദാർഢ്യം പ്രകടിപ്പിച്ചു. നവംബറിലെ ഭീകരാക്രമണത്തിന്റെ ഭീതിയിൽ വേദന പേറുന്ന ഇന്ത്യയിലെ ധാരാളം ആളുകള്‍ എന്തു കൊണ്ട് ഇന്ത്യയ്ക്കിത് ചെയ്തു കൂടാ എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു.' - അദ്ദേഹം എഴുതി.
ഇന്ത്യയ്ക്കും ഇസ്രായേലിനും സമാന ശത്രുക്കളാണ് എന്ന് തരൂർ പറയുന്നതിങ്ങനെ; 'ഛബാദ് ഹൗസ് (മുംബൈ) ഭീകരർ പിടിച്ചെടുത്തതോടെ നിരവധി ഇന്ത്യക്കാർക്ക് ഇസ്രായേലുമായി യോജിക്കാനുള്ള പ്രലോഭനമുണ്ടായി. ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരേ ശത്രുക്കളാണ് ഉള്ളത് എന്ന് അവർ വേദനയോടെ തിരിച്ചറിയുന്നു. 150 ദശലക്ഷം മുസ്‌ലിംകൾ അധിവസിക്കുന്ന ഇന്ത്യ ഫലസ്തീൻ ആവശ്യത്തിന് ഉറച്ച പിന്തുണ നൽകുന്നവരാണ്. സ്വതന്ത്ര ഫലസ്തീൻ എന്ന ആവശ്യത്തിനു വേണ്ടി അത് എന്നും പ്രതിജ്ഞാബദ്ധമായിരിക്കുകയും ചെയ്യും. എന്നാൽ മുംബൈ ആക്രമണം കുറച്ചുവർഷങ്ങളായി പ്രകടമായി വരുന്നതിനെ ഉറപ്പാക്കി. ആഗോള ഇസ്‌ലാമിക ഭീകരവാദ ശക്തികൾ ഇന്ത്യക്കാരെ ജൂതന്മാരും കുരിശുയുദ്ധക്കാരും എന്ന അവരുടെ ടാർഗറ്റ് ലിസ്റ്റിലേക്ക് ചേർത്തു.'
ഇസ്രായേലും ഇന്ത്യയും അയൽ രാജ്യത്തു നിന്നുള്ള ഭീഷണി നേരിടുന്നതായും ഹമാസിനെ ചൂണ്ടിക്കാട്ടി തരൂർ എഴുതി. 'അതിർത്തിക്കപ്പുറത്തു നിന്നുള്ള റോക്കറ്റുകൾ കൊണ്ട് ഇസ്രായേൽ ഇടയ്ക്കിടെ ആക്രമിക്കപ്പെടാറുണ്ട്. പാകിസ്താനിൽനിന്ന് പരിശീലനം ലഭിച്ച ഭീകരവാദികളുടെ ആക്രമണത്തിന് ഇന്ത്യയും ഇരയാകാറുണ്ട്. യുഎസ് പ്രസിഡണ്ട് ജോർജ് ഡബ്ല്യൂ ബുഷിന്റെ പ്രസ് സെക്രട്ടറി മുംബൈ ആക്രമണത്തിന് പിന്നിലെ ഭീകരവാദികളെ ഹമാസുമായി താരതമ്യം ചെയ്തപ്പോൾ, അവരുടെ പ്രതികരണം ഇന്ത്യയിലുടനീളം പ്രചരിച്ചു. സമീകരണം അവിടെ അവസാനിക്കുകയാണ്. ശത്രു ശക്തികളാൽ ചുറ്റപ്പെട്ട, ഉയർന്ന സുരക്ഷാ ബോധമുള്ള, സ്ഥിരം ഉപരോധാവസ്ഥയിൽ കിടക്കുന്ന ചെറിയ രാജ്യമാണ് ഇസ്രായേൽ. ഇന്ത്യ ഒരു ഭീമാകാരമായ രാജ്യമാണ്. അതിന്റെ അതിർത്തികൾ കുപ്രസിദ്ധമായ പ്രവേശ്യതയുള്ളതാണ്. തുറന്ന സമൂഹമാണ് ഇന്ത്യയിലേത്.'
ഇറാഖ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഇസ്രായേൽ ചെയ്ത പോലുള്ള കാര്യങ്ങൾ ഇന്ത്യക്ക് ചെയ്യാനായിട്ടില്ല. ഇസ്രായേലിന്റെ മുഖ്യഎതിരാളികൾ ഹമാസ് ആണെങ്കിലും ഇന്ത്യ ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ജമാഅത്തുദ്ദഅ്‌വ തുടങ്ങിയ നിരവധി സംഘടനകളുടെ ഭീഷണി നേരിടുന്നു. അന്താരാഷ്ട്ര അംഗീകാരമില്ലാതെയാണ് ഹമാസ് ഗസ്സയിൽ പ്രവർത്തിക്കുന്നത്. എന്നാൽ യുഎന്നിന്റെ അംഗീകാരമുള്ള പരമാധികാര രാഷ്ട്രത്തിൽനിന്നാണ് മറ്റു സംഘടനകളുടെ പ്രവർത്തനം. അതാണ് വ്യത്യാസം- തരൂർ പറയുന്നു.
ഇസ്രായേലിന്റെ കര-വ്യോമ ആക്രമണങ്ങളെ തടുക്കാനുള്ള ശേഷി ഹമാസിനില്ല. എന്നാൽ പാക് ഭീകരകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം പാക് സൈന്യത്തിന്റെ വേഗത്തിലുള്ള തിരിച്ചടി ക്ഷണിച്ചു വരുത്തുന്നതാണ്. പാകിസ്താനെതിരെ ഇസ്രായേലിന്റെ പ്ലേബുക്ക് ഉപയോഗിക്കാതിരിക്കാൻ കാരണം ആ രാജ്യം ആണവശക്തിയാണ് എന്നതാണ്. തങ്ങൾക്കെതിരെ റോക്കറ്റ് വിക്ഷേപിച്ചവരെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വകവരുത്തുമ്പോൾ, അവരുടെ സ്ഥലങ്ങൾ തകർക്കുമ്പോൾ, ഇതേ പോലെ പാകിസ്താനിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ചിലർ ആഗ്രഹിക്കും. ഇന്ത്യക്കാർ അന്താരാഷ്ട്ര നയതന്ത്രത്തിൽ വിശ്വസിക്കുന്നു. തങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇസ്രായേൽ ചെയ്യുന്നത് കണ്ട് വ്യഗ്രതയോടെ വീക്ഷിക്കുകയും ചെയ്യുന്നു- തരൂർ ലേഖനത്തിൽ കുറിച്ചു.
വിമർശിക്കപ്പെട്ട നിലപാടുകൾ
ലേഖനത്തിന് പിന്നാലെ തരൂരിന്റെ ഇസ്രായേൽ അനുകൂല നിലപാടുകൾ വിമർശിക്കപ്പെട്ടു. മുസ്‌ലിം സമുദായ സംഘടനകൾക്കിടയിലും നിലപാടുകൾ വിമർശന വിധേയമായി. ശശി തരൂർ ആരുടെ സ്ഥാനാർത്ഥി എന്ന തലക്കെട്ടോടെ 2009 മാർച്ച് 25ന് എഴുത്തുകാരനായ അഷ്‌റഫ് കടയ്ക്കൽ തരൂരിനെ രൂക്ഷമായി വിമർശിച്ച് മാധ്യമം പത്രത്തില്‍ ലേഖനമെഴുതി. 'ഫലസ്തീനിലെ ഗാസാ പ്രദേശം ഇസ്രായേൽ കൂട്ടക്കുരുതിയിൽ ചെഞ്ചായം പൂണ്ടു നിൽക്കുമ്പോഴാണ്, ഗാസയിലെ ഇസ്രായേൽ ക്രൂരത കണ്ട് ഇന്ത്യക്ക് അസൂയ തോന്നുന്നുവെന്ന് ശശി എഴുതിപ്പിടിപ്പിച്ചത്' - എന്ന് അഷ്‌റഫ് എഴുതി. തരൂരിന്റേത് ജൂത ലോബിയുടെ വക്കാലത്താണ് എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
'പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾ, പ്രത്യേകിച്ചും ഫലസ്തീൻ പ്രശ്‌നത്തിന്റെ യഥാർത്ഥ വശം യുഎന്നിന്റെ പല ദൗത്യങ്ങൾക്കും നേതൃത്വം നൽകിയ തരൂരിന് അറിയാത്തതാവില്ല. പക്ഷേ, ഇവിടെ കൊക്കകോളയുടെ മാത്രമല്ല, ഇസ്രായേലിന്റെ പബ്ലിക് റിലേഷൻസ് ജോലി കൂടി ഏറ്റെടുത്തതു കൊണ്ടാകാം ജൂതഭീകരതയുടെ വക്കാലത്തുമായി അദ്ദേഹം മുന്നോട്ടുവന്നത്. തരൂരിന്റെ ഈ പ്രശംസയും പ്രതിരോധവും അവരെ കുറച്ചൊന്നുമല്ല സഹായിച്ചത്. ആഗോള തലത്തിൽ തന്നെ ഇസ്രായേലി ലോബി ഈ ലേഖനം പ്രചരിപ്പിച്ചു. ഒരുപക്ഷേ, തരൂരിന്റെ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട ലേഖനം ഇതായിരിക്കാം. തരൂരിന്റെ ഈ സംഭാവനയ്ക്കുള്ള പ്രത്യുപകാരമായിരിക്കാം ഇന്ത്യയുടെ വിദേശകാര്യമന്ത്രിപദത്തിൽ അവരോധിക്കുന്നതിന്റെ തയാറെടുപ്പായ കോൺഗ്രസ് സ്ഥാനാർത്ഥിത്വം' - ലേഖനം കുറ്റപ്പെടുത്തി.
രണ്ടു ദിവസത്തിന് ശേഷം ലേഖനത്തിന് തരൂർ 'മാധ്യമ'ത്തിൽ തന്നെ മറുപടിയെഴുതി. ഫലസ്തീൻ രാഷ്ട്രം എന്റെ സ്വപ്‌നം എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. എല്ലാ കാലത്തും ഫലസ്തീൻ ജനതയ്‌ക്കൊപ്പമായിരുന്നു താനെന്നും സ്വന്തം നാട്ടിൽ അത് സ്ഥാപിക്കേണ്ടി വരുന്നതിൽ വിഷമമുണ്ടെന്നും തരൂർ എഴുതി.
'ഫലസ്തീൻ വിഷയത്തെ കുറിച്ച് 2001-2006 കാലഘട്ടത്തിൽ, ഐക്യരാഷ്ട്ര സംഘടനയ്ക്ക് വേണ്ടി ലോകത്താകമാനം നിരവധി സമ്മേളനങ്ങൾ എന്റെ നേതൃത്വത്തിൽ വിളിച്ചുകൂട്ടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ സാഇബ് അരീകാത്ത്, യാസിർ അബ്ദുറബ്ബ് തുടങ്ങിയ പല ഫലസ്തീൻ നേതാക്കളും പങ്കെടുത്തിരുന്നു. ഇക്കാര്യത്തിൽ ഇസ്രായേൽ സംഘടനകളുടെ അതിരൂക്ഷമായ എതിർപ്പ് എത്രമാത്രമാണ് എനിക്ക് നേരിടേണ്ടി വന്നത് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ'- അദ്ദേഹം എഴുതി.
ഹമാസിനെ കുറിച്ച് തരൂർ എഴുതിയത് ഇങ്ങനെ; ''ഗാസയിലെ ഹമാസും വെസ്റ്റ് ബാങ്ക് ആസ്ഥാനമായ ഫലസ്തീൻ അതോറിറ്റിയും തമ്മിലുണ്ടായ പിളർപ്പ് എന്നെ വല്ലാതെ ദുഃഖിപ്പിച്ചു. ഒരു 'വിമത പ്രദേശം' നിലനിൽക്കുന്നത് ഫലസ്തീനി ജനതയ്ക്ക് തിരിച്ചടിയായി ഞാൻ കാണുന്നു. ഇരുവിഭാഗങ്ങളെയും യോജിപ്പിക്കാനും ഫതഹും ഹമാസും ഉൾപ്പെടുന്ന ഒരു ദേശീയ ഐക്യസർക്കാർ രൂപവത്കരിക്കാനും വേണ്ടി നടന്നുവരുന്ന ശ്രമങ്ങളെ ഞാൻ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഫലസ്തീനോടുള്ള എന്റെ അനുഭാവപൂർണമായ നിലപാടുകളെ കണ്ടില്ലെന്ന് നടിച്ച് എ്‌നെ 'ഫലസ്തീൻ വിരുദ്ധായി' ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ഖേദകരമാണ്.''
നിലവിലെ വിവാദം
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഒക്ടോബര്‍ 26ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഹമാസിനെ കുറിച്ച് തരൂർ പറഞ്ഞ ഭാഗമാണ് നിലവിലെ വിവാദങ്ങളുടെ ആധാരം.
'ഒക്ടോബർ ഏഴാം തിയതി ഭീകരവാദികൾ ഇസ്രായേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു. 200 ആളുകളെ ബന്ദികളാക്കി. പക്ഷേ, അതിന് മറുപടിയായി ഇസ്രായേൽ ഗസ്സയിൽ ബോംബാക്രമണം നടത്തി 1400 പേരെയല്ല, 6000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് നിർത്തിയിട്ടില്ല. ഗസ്സയിൽ ഭക്ഷണം നിർത്തി. വെള്ളവും വൈദ്യുതിയും നിർത്തി. പെട്രോളും ഡീസലും നിർത്തി. ഇപ്പോൾ ഗസ്സിയിൽ ഒന്നുമില്ല. ആശുപത്രികൾ പ്രവർത്തിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. നിരപരാധികളായ പൊതുജനങ്ങളും സ്ത്രീകളും കുട്ടികളും യുദ്ധം ചെയ്യാത്ത വ്യക്തികളും ഓരോ ദിവസവും മരിക്കുന്നു.' -എന്നായിരുന്നു തരൂരിന്റെ പ്രസംഗം.
പരിപാടി സംഘടിപ്പിച്ച മുസ്‌ലിം ലീഗിൽ നിന്ന് ഭിന്നമായ നിലപാടാണ് ഹമാസിനെ കുറിച്ച് തരൂർ സ്വീകരിച്ചത്. അതേസമയം, വേദിയിൽ തരൂർ ഇരിക്കെ തന്നെ ഹമാസിന്റേത് ചെറുത്തുനിൽപ്പും സ്വാതന്ത്ര്യ സമരവുമാണ് എന്ന് പറഞ്ഞ് എം.കെ മുനീർ, അബ്ദുസ്സമദ് സമദാനി തുടങ്ങിയ നേതാക്കൾ അദ്ദേഹ്‌തെ തിരുത്തുകയും ചെയ്തു. ഒരു വാക്കിൽ പിടിച്ച് വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് വിഷയത്തിൽ ലീഗ് കൈക്കൊണ്ടിട്ടുള്ള നിലപാട്. സമ്മേളനം വൻ വിജയമായി എന്നും നേതൃത്വം വിലയിരുത്തുന്നു.
ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും താൻ ഫലസ്തീനൊപ്പമാണ് എന്നും പിന്നീട് തരൂർ വിശദീകരിച്ചു. ഒരു വാചകം അടർത്തി മാറ്റി ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.