'ശശി തരൂർ വരേണ്ട'; തിരുവനന്തപുരത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് ഒഴിവാക്കി

മഹല്ല് എംപവർമെന്റ് മിഷൻ (എം.ഇ.എം) നടത്തുന്ന പരിപാടിയിൽ നിന്നാണ് എംപിയെ ഒഴിവാക്കിയത്

Update: 2023-10-27 13:30 GMT

ശശി തരൂര്‍

Advertising

തിരുവനന്തപുരം: കോഴിക്കോട്ട് മുസ്‌ലിം ലീഗ് പരിപാടിയിൽ വിവാദ പരാമർശം നടത്തിയതോടെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് ശശി തരൂർ എംപിയെ ഒഴിവാക്കി. തിരുവനന്തപുരത്ത് മഹല്ല് എംപവർമെന്റ് മിഷൻ (എം.ഇ.എം) നടത്തുന്ന പരിപാടിയിൽ നിന്നാണ് എംപിയെ ഒഴിവാക്കിയത്. ശശി തരൂരിനേയും എം.എ ബേബിയേയുമാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് എം.ഇ.എം തരൂരിനെ ഒഴിവാക്കിയത്. 32 മഹല്ലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് എം.ഇ.എം.

കഴിഞ്ഞ ദിവസം നടന്ന മുസ്‌ലിം ലീഗ് പരിപാടിയിൽ ഹമാസ് പോരാളികളെ തീവ്രവാദികളെന്ന് വിളിക്കുന്ന തരത്തിലുള്ള ശശി തരൂരിന്റെ പരാമർശമാണ് വിവാദമായിരുന്നത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു ലീഗ് റാലി ഉദ്ഘാടനം ചെയ്ത തരൂർ പറഞ്ഞത്. ഇസ്രായേൽ നടത്തുന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും കഴിഞ്ഞ 15 വർഷം നടന്ന മരണത്തെക്കാൾ കൂടുതൽ മരണം ഇപ്പോൾ നടന്നുവെന്നും തരൂർ പറഞ്ഞു.

അതേസമയം, അതേവേദിയിൽ തന്നെ ശശി തരൂരിന് ലീഗ് നേതാക്കളായ എം.കെ മുനീറും സമദാനിയും മറുപടി പറഞ്ഞു. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്ന് മുനീർ പറഞ്ഞു. ഫലസ്തീന്റേത് സ്വാതന്ത്ര്യ സമരവും ഇസ്രായേലിന്റേത് അധിനിവേശവുമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലായിരുന്നു മുനീറിന്റെ പ്രതികരണം.

ഭഗത് സിങ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നത് ഭീകരവാദമായാണ് ബ്രിട്ടീഷുകാർ കണ്ടത്. ഫലസ്തീനായി പോരാടുന്നവരെ ഭീകരവാദികൾ എന്ന് വിളിക്കുന്നത് സാമ്രാജ്യത്വവാദികളാണ്. ചെറിയ കല്ലുകൾ എറിഞ്ഞവർ കൂടുതൽ പ്രതിരോധിക്കുന്നുണ്ടെങ്കിൽ അത് അടിച്ചമർത്തൽകൊണ്ടാണ്. നമ്മൾ പ്രതിരോധത്തിനൊപ്പമാണെന്നും മുനീർ പറഞ്ഞു.

ഇസ്രായേലിന്റെ ഫലസ്തീൻ വിരുദ്ധ പ്രവർത്തനങ്ങളെ ഭീകരവാദമെന്ന് ആദ്യം വിളിച്ചത് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. ഇസ്രായേൽ നടത്തുന്നത് അതിരില്ലാത്ത അധിനിവേശമാണ്. ഫലസ്തീൻ നടത്തുന്നത് സ്വാതന്ത്ര്യ സമരമാണെന്നും സമദാനി പറഞ്ഞു. ജൂതരെ ജനിച്ച രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്ത് കൊണ്ടുപോയി കുടിയിരുത്തുന്നത് അവരെ ജനിച്ച മണ്ണിൽനിന്ന് പുറംതള്ളലല്ലേ എന്നാണ് ഗാന്ധിജി ചോദിച്ചത്. അങ്ങനെ ചെയ്യുമ്പോൾ ജൂതരെ ഇല്ലാതാക്കിയ ഹിറ്റ്ലറുടെ പ്രവർത്തനത്തെ ന്യായീകരിക്കുകയല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ബാൽഫോർഡ് പ്രഖ്യാപനത്തെ ഗാന്ധിജി തള്ളിക്കളഞ്ഞു. ജെറുസലേമിനെ തിരയേണ്ടത് സ്വന്തം ആകാശത്താണ് അല്ലാതെ അറബികളുടെ മണ്ണിലല്ല എന്ന് പറഞ്ഞ ആളാണ് ഗാന്ധിജി. സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യ അനുഭവിച്ച അതേ വേദന അനുഭവിക്കുന്നവരാണ് ഫലസ്തീനികൾ എന്നും ഗാന്ധിജി പറഞ്ഞു. ഫലസ്തീൻ അനുകൂല നിലപാടിനെതിരെ ഗാന്ധിജിയുടെ പാശ്ചാത്യൻ സുഹൃത്തുക്കൾ വലിയ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ ഇതിനെ ഗാന്ധിജി അതിജീവിച്ചു. ഗാന്ധിജിയുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യയിപ്പോൾ ചെയ്യേണ്ടതെന്നും സമദാനി പറഞ്ഞു.


Full View

Shashi Tharoor MP excluded from Palestine solidarity event in Thiruvananthapuram

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News