ശിഹാബ് ചോറ്റൂർ അതിർത്തിയിൽ; പാക് അനുമതിക്ക് കാക്കുന്നു
പാകിസ്താനിലേക്ക് പ്രവേശിക്കാനാവാതെ പഞ്ചാബിലെ വാഗാ അതിര്‍ത്തിയില്‍ 15 ദിവസത്തോളമായി ശിഹാബ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍
വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി മക്കയിലേക്ക് കാല്‍ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂരിന് പാകിസ്താന്‍ വിസ നിഷേധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പാകിസ്താനിലേക്ക് പ്രവേശിക്കാനാവാതെ പഞ്ചാബിലെ വാഗാ അതിര്‍ത്തിയില്‍ 15 ദിവസത്തോളമായി ശിഹാബ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലപ്പുറം ആതവനാട് സ്വദേശിയായ ശിഹാബിന് വാഗാ അതിർത്തിയിൽ വച്ച് വിസ നിഷേധിപ്പെട്ട കാര്യം പഞ്ചാബ് ഷാഹി ഇമാം മൗലാനാ മുഹമ്മദ് ഉസ്മാൻ ലുധിയാനവിയാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ഇന്ത്യ പാക് അതിർത്തിയിൽ എത്തിയാലുടൻ വിസ നൽകാമെന്ന് ഡൽഹിയിലെ പാക് എംബസി നേരത്തേ ഉറപ്പു നൽകിയിരുന്നതാണെന്നും അതിനാലാണ് വിസക്കായുള്ള തയ്യാറെടുപ്പുകൾ ശിഹാബ് നേരത്തേ നടത്താതിരുന്നതെന്നും ഇമാം പറഞ്ഞു. നേരത്തേ വിസ അനുവദിച്ചാൽ അതിന്‍റെ കാലാവധി അവസാനിക്കുമെന്ന് പറഞ്ഞാണ് എംബസി വിസ അനുവദിക്കാതിരുന്നത്. എന്നാൽ ശിഹാബ് പാക് അതിർത്തിയിൽ എത്തിയ ഉടൻ വിസ നിഷേധിക്കപ്പെടുകയായിരുന്നു.
പാകിസ്താൻ ഒഴിവാക്കി ചൈന വഴി മക്കയിലേക്കുള്ള യാത്ര തുടരാൻ ശിഹാബിനെ സഹായിക്കണം എന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇമാം പറഞ്ഞു.
''പാകിസ്താൻ സർക്കാറിൽ നിന്ന് നാണക്കേടുണ്ടാക്കുന്ന വിഷയമാണുണ്ടായത്. മക്കയിലേക്ക് തീര്‍ഥാടനത്തിന് പോകുന്ന ഒരാൾക്ക് വേണ്ടി വിസ നിഷേധിക്കരുത്. അതു മാത്രമാണ് നിങ്ങളോടുള്ള അഭ്യർത്ഥന. നിങ്ങൾ വിസ നൽകിയില്ലെങ്കിൽ ചൈന വഴി മക്കയിലേക്ക് പോകും. നിങ്ങളുടെ മുന്നിൽ കൈ നീട്ടില്ല. ചൈനീസ് സർക്കാറുമായി വിദേശകാര്യ മന്ത്രാലയം സംസാരിക്കണം''- മുഹമ്മദ് ഉസ്മാൻ ലുധിയാനവി പറഞ്ഞു.
ജൂൺ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കര്‍മ നിര്‍വഹിക്കാനായി മക്കയിലേക്ക് യാത്ര തിരിച്ചത്. തിങ്കളാഴ്ച യാത്ര 124 ദിവസം പിന്നിട്ടു. സെപ്റ്റംബർ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് ഇപ്പോൾ വാഗയിലെ ഖാസയിലാണുള്ളത്.