"മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റുതുലയ്‌ക്കാൻ ശ്രമിച്ചു, ശിവശങ്കർ വാ തുറന്നാൽ അറിയാം എല്ലാം": സ്വപ്‌ന സുരേഷ്
"തന്റെ ജോലി മാത്രമാണ് ഇതുവരെ ചെയ്തത്. ശിവശങ്കർ സാറുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നതിനാൽ എതിർക്കാൻ സാധിക്കുമായിരുന്നില്ല"
കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ഇനിയും പുറത്തുവരുമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ കുടുംബത്തെയടക്കം പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടായിരുന്നു സ്വപ്‌നയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല, മകൾ വീണ, യുഎഇയിൽ ഇരുന്ന് പ്രവർത്തിക്കുന്ന മകൻ ഇവരെല്ലാം ചേർന്ന് നടത്തുന്ന അഴിമതികൾ പുറത്തുവരുമെന്നും സ്വപ്‌ന പറയുന്നു.
അന്വേഷണ ഏജൻസി ഇപ്പോൾ ശരിയായ ദിശയിൽ തന്നെയാണ് പോകുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. ഇതിനെല്ലാം സഹായം ചെയ്തുകൊടുത്ത ആദ്യത്തെ ഓഫീസർ സിഎം രവീന്ദ്രനാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ച് കേസിൽ നിന്ന് രക്ഷപെടുകയായിരുന്നു അദ്ദേഹം.
കറൻസി അടങ്ങുന്ന ബാഗേജ് ഇവിടെ നിന്ന് കൊണ്ടുപോയത് സംബന്ധിച്ച് ശിവശങ്കർ സാർ വാ തുറന്നേ മതിയാകൂ. അദ്ദേഹത്തിന്റെ പുസ്‌തകത്തിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ, അങ്ങനെയൊരു ബാഗ് കൊണ്ടുപോയിട്ടില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇതിൽ തന്നെ വൈരുധ്യമുണ്ടെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി. ബിരിയാണി ചെമ്പിന്റെ കാര്യവും അദ്ദേഹത്തിന്റെ പുസ്‌തകത്തിൽ പറയുന്നുണ്ടെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി.
ഏതറ്റം വരെ പോയാലും സത്യം പുറത്തുവരും. ജയിലിൽ കിടന്നാലോ തന്നെ തൂക്കിക്കൊന്നാലോ ദുഃഖമില്ല. സത്യം ജയിക്കാൻ വേണ്ടി പോരാടും. യുഎഇ കേന്ദ്രീകരിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ഇഡിക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യയും മക്കളും കേരളത്തെ വിറ്റ് അവരുടേതായ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ഈ പദ്ധതികൾക്ക് ഏറ്റവും കൂടുതൽ സഹായിച്ചത് ശിവശങ്കറാണെന്നും സ്വപ്‌ന ആരോപിച്ചു.
ശമ്പളം വാങ്ങുന്നത് കൊണ്ട് തന്റെ ജോലി മാത്രമാണ് ഇതുവരെ ചെയ്തത്. ശിവശങ്കർ സാറുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നതിനാൽ എതിർക്കാൻ സാധിക്കുമായിരുന്നില്ല. ഇനി എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് കാണാമെന്നും സ്വപ്‌ന പറഞ്ഞു.