'ജനങ്ങളുടെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ട്'; ബിജെപി നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ
ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്താത്തതിന് എതിരെയാണ് ശോഭാ സുരേന്ദ്രൻ പരസ്യമായി അമർഷം രേഖപ്പെടുത്തിയത്.
ന്യൂഡൽഹി: ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ട്. പഞ്ചായത്ത് അംഗം പോലുമില്ലാത്ത കാലത്ത് പാർട്ടിക്കായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടകൊത്തളങ്ങളിൽ പോലും പ്രസംഗിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. രണ്ടര പതിറ്റാണ്ട് പാർട്ടിക്കായി പ്രയത്‌നിച്ചിട്ടുണ്ട്. ഏൽപ്പിച്ച ചുമതലകൾ നിറവേറ്റിയിട്ടുണ്ട്. കൂടുതൽ ചുമതലകൾ നൽകേണ്ടത് പാർട്ടി അധ്യക്ഷനാണെന്നും അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അവർ പറഞ്ഞു.
കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം ശോഭാ സുരേന്ദ്രനെ പാർട്ടിയുടെ സുപ്രധാന ചുമതലകളിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനിടയിലാണ് കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ അമർഷം പരസ്യമാക്കി ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.