വയനാട് ഉരുൾപൊട്ടൽ; എം.പി ഫണ്ട് മാർഗരേഖ പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം: ശശി തരൂർ എം.പി

ആകെ തകർത്തെറിയപ്പെട്ട ഗ്രാമങ്ങൾ പുനർനിർമിച്ച് അതിജീവിതർക്ക് ആശ്വാസമെത്തിക്കേണ്ടത് രാജ്യത്തിൻ്റെ കടമയാണെന്നും ഡോ. തരൂർ

Update: 2024-08-01 09:31 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: രാജ്യത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ എം.പി, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തുനൽകി.

വയനാടിലുണ്ടായ ഉരുൾപൊട്ടൽ, എം.പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം. എന്നാല്‍ എല്ലാ എം.പിമാർക്കും അവരുടെ എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികൾ ദുരന്തബാധിത പ്രദേശത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാകും. ദുരിതത്തിൽ കഴിയുന്ന ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന നടപടിയായിരിക്കുമിത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ തീവ്രത വിവരണാതീതമാണ്. ആ പ്രദേശത്തെ ജനങ്ങൾക്ക് നഷ്ടമായതിനൊക്കെ പകരമാകില്ലെങ്കിലും അവർക്കായി പരമാവധി സഹായം നമ്മൾ ചെയ്യണം. ആകെ തകർത്തെറിയപ്പെട്ട ഗ്രാമങ്ങൾ പുനർനിർമിച്ച് അതിജീവിതർക്ക് ആശ്വാസമെത്തിക്കേണ്ടത് രാജ്യത്തിൻ്റെ കടമയാണെന്നും ഡോ. തരൂർ കത്തിൽ ചൂണ്ടിക്കാട്ടി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News