രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികളെ മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേ ? ഹൈക്കോടതി
കഴിഞ്ഞദിവസം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശം
കൊച്ചി: രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ കോടതി. രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികൾ മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കുട്ടികളെ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുകയാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് നിരീക്ഷിച്ചു. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. കഴിഞ്ഞദിവസം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശം. സംഘടനകൾ വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിപ്പിച്ച് ശ്രദ്ധ നേടാൻ ശ്രമിക്കുന്നതായും കോടതി നിരീക്ഷിച്ചു. പുതിയ തലമുറയുടെ തലയിൽ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ഇത്തരക്കാർ ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.
അതേസമയം, പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസ് ആണ് കേസെടുത്തത്. മതസ്പർധ വളർത്താൻ ശ്രമമെന്ന് പൊലീസിന്റെ എഫ്‌ഐആർ വ്യക്തമാക്കുന്നു.റാലിയിൽ പങ്കെടുത്ത ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ, കുട്ടി റാലിയിൽ പങ്കെടുത്തിരുന്നു എന്നും വിളിച്ചത് സംഘാടകർ നൽകിയ മുദ്രാവാക്യമല്ലെന്നും പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ സൂചിപ്പിച്ചു. ആലപ്പുഴ കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചു കുട്ടിയുടെ പ്രകോപനപരമായ മുദ്രവാക്യം ഉയർന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ജനമഹാ സമ്മേളനം നടന്നത്.