അധോലോകം, ചെഗുവേര, ഓൾഡ് മോങ്ക്; വെറ്റിനറി സർവകലാശാല ഹോസ്റ്റലിൽനിന്നുള്ള ദൃശ്യങ്ങൾ

സ. നിജിൽ (മേഖല കമ്മിറ്റി ആസ്ഥാനം) എന്നാണ് ഒരു മുറിയ്ക്ക് പുറത്തെഴുതിയത്

Update: 2024-03-02 15:07 GMT

സിദ്ധാർഥൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിലെ ചിത്രങ്ങൾ

Advertising

കൽപ്പറ്റ: തിരുവനന്തപുരം സ്വദേശി സിദ്ധാർഥ്‌ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പൂക്കോട് വെറ്റിനറി സർവകലാശാല ഹോസ്റ്റലിൽനിന്നുള്ള ദൃശ്യങ്ങൾ പുറത്ത്. സിദ്ധാർഥനെ മർദിച്ച നടുമുറ്റവും ചുറ്റുമുള്ള മുറികളുമാണ് മീഡിയവണടക്കമുള്ള മാധ്യമങ്ങൾ പുറത്തുവിട്ടത്. എംഎൽഎമാരായ ടി സിദ്ദീഖും ഐസി ബാലകൃഷ്ണനും എത്തിയതോടെയാണ് മാധ്യമപ്രവർത്തകർക്ക് കാമ്പസിലേക്ക് ആദ്യമായി പ്രവേശിക്കാനായത്. ചെഗുവേര, ഓൾഡ് മോങ്ക് എന്നിങ്ങനെയുള്ള ചിത്രങ്ങളും അധോലോകം എന്നെഴുതി ഇരു കൈകളിലും തോക്കുമായി ഒരാൾ നിൽക്കുന്ന ചിത്രവുമാണ് ഹോസ്റ്റൽ വരാന്തയിലുള്ളത്. കാറൽ മാർക്‌സിന്റെയും ലെനിനിന്റെയും ചിത്രങ്ങളുടെ മുറികളുടെ ചുമരിലുണ്ട്. വിദ്യാർഥികൾ വളർത്തുന്ന നായയെയും ദൃശ്യങ്ങളിൽ കാണാം. സിദ്ധാർഥനുണ്ടായ ദുരുനുഭവത്തെ ശരിവെക്കുന്ന തരത്തിലുള്ളതാണ് ഹോസ്റ്റലിലെ അന്തരീക്ഷം. ചില വിദ്യാർഥികൾ സങ്കേതങ്ങളുണ്ടാക്കിയെന്ന് തെളിയിക്കുന്ന തരത്തിലാണ് ഹോസ്റ്റൽ കണ്ടത്.

 

ഇ.ടി മുഹമ്മദ് ബഷീർ എംപിയടക്കമുള്ള നേതാക്കൾ കാമ്പസിലെത്തി. ഇടിമുറിയെന്ന് വിളിക്കപ്പെടുന്ന റൂമുകളടക്കമുള്ളവ ജനപ്രതിനിധികൾ സന്ദർശിച്ചു. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഈ ഹോസ്റ്റൽ നടുമുറ്റത്തിന് ചുറ്റിലുമായാണ് വിദ്യാർഥികൾ നിന്നിരുന്നത്. 130 പേരാണ് മർദനത്തിന് സാക്ഷികളായത്. എന്നാൽ അവരത് പുറത്തുപറഞ്ഞിരുന്നില്ല.

അതേസമയം, സിദ്ധാർഥന്റെ മരണത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. 18 പേരിൽ പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടു പേർ കസ്റ്റഡിയിലാണ്. നേരത്തെ, മുഖ്യപ്രതി സിൻജോ ജോൺസൻ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നു പിടിയിലായിരുന്നു. പ്രതികളായ എ. അൽത്താഫ്, കാശിനാഥൻ എന്നിവരെയും ഇന്ന് പൊലീസ് പിടികൂടി.

 

ഇരവിപുരം സ്വദേശിയായ അൽത്താഫിനെ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കാശിനാഥൻ കൽപറ്റയിൽ കീഴടങ്ങുകയായിരുന്നു. ഇന്നു പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ അന്വേഷണസംഘത്തിന്റെ പിടിയിലായത്. സിദ്ധാർഥനെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നതായി ബന്ധുക്കൾ ഉൾപ്പെടെ ആരോപിച്ചിരുന്നു.

 

കേസിൽ സിൻജോ, കാശിനാഥൻ എന്നിവർക്കു പുറമെ സൗദ് റിസാൽ, അജയ്കുമാർ എന്നിവർക്കെതിരെയും പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസിൽ ഉൾപ്പെട്ട 31 വിദ്യാർഥികൾക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോളജ് ഹോസ്റ്റലിൽനിന്ന് ഉൾപ്പെടെ പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് സർവകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് - കെ.എസ്.യു - യൂത്ത് ലീഗ് പ്രവർത്തർ മാർച്ച് നടത്തി.

 

അതിനിടെ, സിദ്ധാർഥന്റെ മരണത്തിൽ പ്രതികരണവുമായി പൂക്കോട് വെറ്ററിനറി കോളജിലെ ഒരു വിഭാഗം വിദ്യാർഥികൾ രംഗത്ത് വന്നു. 'സിദ്ധാർഥന് മർദനമേറ്റിട്ടുണ്ട്. എന്നാൽ ദിവസങ്ങളോളം മർദനമേറ്റന്നത് ശരിയല്ല. സിദ്ധാർഥന്റെ മരണത്തിലുള്ള ഞെട്ടൽ വിട്ടുമാറാത്തതിനാലാണ് ഇത്രയും നാൾ പ്രതികരിക്കാതിരുന്നത്'.. മരണത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും വിദ്യാർഥികൾ പറഞ്ഞു.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News