സിദ്ദിഖ് കാപ്പൻ പ്രതിയായ ഇ.ഡി കേസ് വിചാരണ യുപിയിൽ; കേരളത്തിലേക്ക് മാറ്റണമെന്ന ഹരജി തള്ളി

റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റണമെന്ന് സുപ്രിംകോടതിയില്‍ ഹരജി നൽകിയത്.

Update: 2023-04-10 10:26 GMT
Advertising

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പൻ പ്രതിയായ ഇ.ഡി കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹരജി നൽകിയത്.

ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍റെ ബെഞ്ചാണ് ഇ.ഡി കേസ് വിചാരണ കേരളത്തിലേക്ക് മാറ്റേണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ ലഖ്നൌവിലാണ് കേസ് നടക്കുന്നത്. 2013ലെ കേസില്‍ 2018ലാണ് റൗഫ് ഷെരീഫിനെതിരെ കേസെടുത്തത്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുള്ളത് കേരളത്തിലാണെന്നും അതിനാല്‍ കേരളത്തിലേക്ക് കേസ് മാറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇ.ഡി കേസ് കേരളത്തിലേക്ക് മാറ്റുന്നത് എതിര്‍ത്തു.

യു.എ.പി.എ കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന് ഇ.ഡി കേസ് കാരണം പുറത്തിറങ്ങാനായിരുന്നില്ല. ഡിസംബറിലാണ് ഇ.ഡി കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായത്.

ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവർ അറസ്റ്റിലായത്. ഹാത്രസിൽ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്നും ഇതിനായി സിദ്ദിഖ് കാപ്പനടക്കം നാലുപേർ നിയോഗിക്കപ്പെട്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News