'കുണുക്ക് പെൺമണിയേ...'- ഇന്നസെന്റിലെ ഗായകൻ
ചിരി വിതറിയ പ്രകാശം നിലയ്ക്കുമ്പോള്‍ മലയാളി നൊമ്പരത്തോടെ ഇനിയും ഈ ഗാനങ്ങൾ തിരയും
ഇന്നസെന്റ് എന്ന നടനെ മാത്രമല്ല ഗായകനെയും നമ്മൾ ആസ്വദിച്ചിട്ടുണ്ട്. നിഷ്‌ക്കളങ്കമായ ചിരിയിലൂടെ ആ ആലാപനം പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് ചേക്കേറിയത്. മലയാളിയുടെ ആസ്വാദന സദസിൽ സ്ഥാനം കിട്ടിയ പാട്ട് തന്റെ യഥാർഥ ജീവിതത്തിൽ നിന്നെടുത്തതാണെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. അനുഭവത്തിന്റെ ആഴങ്ങളിൽ പതിച്ച ആ മനുഷ്യന്റെ പാട്ട് കേൾക്കാനും ആളുണ്ടായി.
പാട്ട് പാടിയുള്ള ഒഴുക്കും താളവും മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. മിസ്റ്റർ ബട്‌ലറിലെ കാപ്റ്റൻ കെ.ജി.നായർ ചിരിത്താളിലേക്ക് പടർന്നിറങ്ങിയ ഇന്നസെന്റിന്റെ ഒരു കഥാപാത്രമാണ്. അതിലെ 'കുണുക്ക് പെണ്‍മണിയേ' എന്ന ഗാനം ഏറെ തരംഗമായി.
ആനച്ചന്തം ഗണപതി മേളച്ചന്തം (ഗജകേസരിയോഗം), കണ്ടല്ലോ പൊൻ കുരിശുള്ളൊരു (സാന്ദ്രം), കുണുക്കുപെണ്മണിയെ(മിസ്റ്റർ ബട്ട്‌ലർ), സുന്ദരകേരളം നമ്മൾക്ക്(ഡോക്ടർ ഇന്നസെൻറാണ്), സ മാ ഗ രി ( സുനാമി) എന്നീ ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. സുനാമിയിലെ ഗാനമാണ് ഇന്നസെന്റ് പാടി അഭിനയിച്ച അവസാനഗാനം. ചിരി വിതറിയ പ്രകാശം നിലയ്ക്കുമ്പോള്‍ മലയാളി നൊമ്പരത്തോടെ ഇനിയും ഈ ഗാനങ്ങൾ തിരയും.
ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിയ്ക്കുപിന്നിൽ (ആത്മകഥ), കാൻസർ വാർഡിലെ ചിരി എന്നീ നാല് പുസ്തകങ്ങളും ഇന്നസെൻറ് രചിച്ചിട്ടുണ്ട്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞതിന്റെ അനുഭവങ്ങളാണ് 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകം.