ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: മൂന്നു പേരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കി; കൂടുതൽ പേരുണ്ടായിരുന്നെന്ന് കുട്ടി
കുട്ടിയുടെ അച്ഛന്റെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി
കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കി. കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രങ്ങളാണ് തയ്യാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്‍റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രമം മൈതാനിയിൽ ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
അതേസമയം, ആറുവയസുകാരിയുടെ അച്ഛന്റെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി.പത്തനംതിട്ടയിലെ ഫ്‌ളാറ്റിലെത്തിയാണ് പരിശോധന നടത്തിയത്. ഫ്ലാറ്റിൽ നിന്ന് ഒരു ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറുവയസുകാരി ആശുപത്രി വിട്ടു.കുട്ടിക്ക് കൗൺസിലിംഗ് നൽകുന്നത് തുടരും.കുട്ടിയെ മജിസ്‌ട്രേറ്റിന്റെ അടുക്കലെത്തിച്ച് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
തട്ടിക്കൊണ്ടുപോയിട്ട് നാലു ദിവസം കഴിഞ്ഞിട്ടും പൊലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല. വിവിധ സംഘങ്ങൾ ആയി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല. സിസിടിവി, വാഹന പരിശോധനകൾ, രേഖചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. പ്രതികളുടെ യാതൊരു സൂചനയും, ഇവർ ഉപയോഗിച്ച വാഹനങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടില്ല.
അതേസമയം, ആശ്രാമം മൈതാനത്ത് നിന്ന് കുട്ടിയെ ആദ്യം കണ്ട ദൃക്‌സാക്ഷികളെ ചൊല്ലി വിവാദം ശക്തമാകുകയാണ്. അന്വേഷണം വഴിതെറ്റിക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തക ശ്രമിച്ചു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി.ഡിവൈഎഫ്‌ഐ വനിതാ നേതാവ് അന്വേഷണത്തിന്റെ വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.