വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്
മുസ്‍ലിം ജീവനക്കാർക്കും ബൂത്ത് ഏജന്റുമാർക്കും ജുമുഅ പ്രാർഥനയ്ക്ക് തടസമാകുന്നതിനാൽ തെരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നാണ് ആവശ്യം.
കോഴിക്കോട്: ഏപ്രിൽ 26 വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. മുസ്‍ലിം ജീവനക്കാർക്കും ബൂത്ത് ഏജന്റുമാർക്കും ജുമുഅ പ്രാർഥനയ്ക്ക് തടസമാകുമെന്നതിനാൽ തെരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഏഴ് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്, രണ്ടാം ഘട്ടം ഏപ്രിൽ 26ന്, മൂന്നാം ഘട്ടം മെയ് ഏഴിന്, നാലാം ഘട്ടം മെയ് 13ന്, അഞ്ചാം ഘട്ടം മെയ് 20ന്, ആറാം ഘട്ടം മെയ് 25ന്, ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. മാർച്ച് 28ന് വിജ്ഞാപനമിറക്കും. ഏപ്രിൽ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.
നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശിൽ മെയ് 13നും അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19നും ഒഡീഷയിൽ നാല് ഘട്ടങ്ങളായും (മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ ഒന്ന് ) നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. സുരക്ഷാ കാരണം കൊണ്ടാണ് തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താത്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും.