'ജാതി സെൻസസില്ലാതെ എന്ത് പിന്നാക്കക്ഷേമം'; കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് വെള്ളാപ്പള്ളി നടേശൻ
സംസ്ഥാന സർക്കാറിന്റെ മുന്നാക്ക സാമ്പത്തിക സംവരണത്തെയും വെള്ളാപ്പള്ളി വിമർശിച്ചു
കോഴിക്കോട്: ജാതി സെൻസസ് വേണമെന്ന ആവശ്യവുമായി എസ്.എൻ.ഡി.പി. രാജ്യത്ത് ജാതി സെൻസസ് ഒഴിവാക്കരുതെന്ന് കേന്ദ്രത്തോട് കേരളം പറയണമെന്നും ജാതി സെൻസസ് ആഹ്വാനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടാകരുതെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. 75 വർഷമായിട്ടും പിന്നാക്കക്കാർ പിന്നാക്കമാണ്. ജാതി ആനുകൂല്യങ്ങൾക്ക് ഫണ്ട് നീക്കിവെക്കുന്നത് കൊട്ടക്കണക്ക് വെച്ചാണെന്നും വെള്ളാപ്പള്ളി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സംസ്ഥാന സർക്കാറിന്റെ മുന്നാക്ക സാമ്പത്തിക സംവരണത്തെയും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജാതി സെൻസസ് ഇല്ലാതെ എന്ത് പിന്നാക്കക്ഷേമം.
രാജ്യത്ത് ജാതി സെൻസസ് നടത്താനുള്ള ആഹ്വാനങ്ങൾ ആത്മാർത്ഥതയില്ലാത്ത തെരഞ്ഞെടുപ്പ് സ്റ്റണ്ടായി മാറരുത്.
കേരളത്തില്‍ എത്ര ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‍ലിങ്ങളുമുണ്ടെന്ന ചോദ്യത്തിന് സെന്‍സസ് രേഖകളില്‍ നിന്ന് ഉത്തരം കിട്ടും. പക്ഷേ ഈഴവരും നായരും നമ്പൂതിരിയും വിശ്വകര്‍മ്മജരും ധീവരരും എത്രയുണ്ടെന്ന് ചോദിക്കരുത്. കാരണം അതിന് ഉത്തരമില്ല. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ജാതി വിഭാഗങ്ങളുടെ ആധികാരിക കണക്ക് ലഭ്യമല്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജാതി അടിസ്ഥാനമാക്കി സംവരണവും അധികാര പങ്കാളിത്തവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതും പൊതുഫണ്ട് നീക്കിവയ്ക്കുന്നതും കൊട്ടക്കണക്ക് വച്ചാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വസ്തുതകള്‍.
ഏതൊരു ആസൂത്രണത്തിന്റെയും അടിസ്ഥാനം ആധികാരികമായ കണക്കുകളും വിവരങ്ങളുമാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ പോലും ഇന്ത്യയില്‍ സാമൂഹ്യ ക്ഷേമപദ്ധതികള്‍ ഇങ്ങിനെയാണ് നടപ്പാക്കുന്നതെന്നു വന്നാല്‍ എന്തൊരു നാണക്കേടാണ്. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും പിന്നാക്കക്കാരെ മുഖ്യധാരയില്‍ എത്തിക്കാന്‍ കഴിയാത്തതിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഈ സ്ഥിതിവിശേഷം തന്നെയാണ്. അത് വളരെ വ്യക്തമായി അറിയാവുന്നവരാണ് നമ്മളെ ഭരിച്ചതും ഭരിക്കുന്നതുമായ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍.
1891ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സെന്‍സസ് ആരംഭിക്കുമ്പോഴേ ജാതിക്കോളമുണ്ടായിരുന്നു. 1931 വരെ അത് തുടര്‍ന്നു. ജാതി സ്പര്‍ദ്ധയ്ക്കും മറ്റും കാരണമാകുമെന്ന പേരില്‍ 1941ല്‍ ജാതി നിര്‍ബന്ധമല്ലാതാക്കി. 1951 മുതല്‍ സെന്‍സസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു. 1953ല്‍ രാജ്യത്ത് ആദ്യമായി പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാനായി നിയമിക്കപ്പെട്ട കാക്കാകലേക്കര്‍ കമ്മിഷന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് 1961ലെ സെന്‍സസില്‍ ജാതിക്കണക്കെടുക്കണമെന്നായിരുന്നു. പക്ഷേ ഒരു ഫലവുമുണ്ടായില്ല. അത് നടപ്പായതേയില്ല.
2001ലെ വാജ്പേയി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയെങ്കിലും ആ സെന്‍സസിലും ഒ.ബി.സി കണക്കെടുപ്പുണ്ടായില്ല. മതക്കണക്കും പട്ടിക വിഭാഗക്കാരുടെ വിവരങ്ങളും മാത്രം രേഖപ്പെടുത്തപ്പെട്ടു. 2011 ല്‍ പാർലമെന്റില്‍ ഈ പ്രശ്നത്തെച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. കണക്കുമെടുത്തു. പക്ഷേ വെളിപ്പെടുത്തിയില്ല. സ്വകാര്യത ലംഘിക്കപ്പെടുമെന്ന ബാലിശമായ ന്യായമാണ് ഇതിന് പറഞ്ഞത്.
സെന്‍സസ് കണക്കിലെ വ്യക്തി വിവരങ്ങള്‍ക്ക് നിയമപരമായ പരിരക്ഷയുണ്ട്. ഒരു വ്യവഹാരങ്ങള്‍ക്കും അത് ഉപയോഗപ്പെടുത്താനാവില്ല. ജാതി തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുകയുമില്ല. 2021ലെ സെന്‍സസിലും ജാതിക്കോളമുണ്ടാകുമെന്ന് പ്രഖ്യാപിച്ചതാണെങ്കിലും അതും ജലരേഖയായി. ജാതിക്കോളം എങ്ങിനെയും ഉറപ്പാക്കിയെടുക്കേണ്ടത് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് അനിവാര്യമാണ്. വൈകിപ്പോയെന്ന വാദത്തിനും പ്രസക്തിയില്ല.
ഇക്കുറി മൊബൈല്‍ ആപ്പു വഴിയാണ് സെന്‍സസ്. ജാതിക്കോളം ഉള്‍പ്പെടുത്തുക നിഷ്പ്രയാസം ഇനിയും സാധിക്കാവുന്നതേയുള്ളൂ. രാജ്യത്തെമൊത്തം ജനസംഖ്യയുടെ 52 ശതമാനവും 3,742 ജാതി വിഭാഗത്തില്‍പ്പെട്ടവരെന്നാണ് പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് പഠിച്ച 1980ലെ മണ്ഡല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗങ്ങളില്‍ കേവലം 4.69 ശതമാനം മാത്രമാണ് ഈ വിഭാഗക്കാരെന്നും മണ്ഡല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ദുഃസ്ഥിതിക്ക് എന്തെങ്കിലും മാറ്റം വന്നുവോ എന്ന് ആധികാരികമായി മനസിലാകണമെങ്കില്‍ സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തിയേ മതിയാകൂ.
ഓരോ ജാതിയിലും എത്ര പേരുണ്ട്? അവര്‍ക്ക് ജനസംഖ്യാനുപാതികമായ പരിഗണന കിട്ടിയിട്ടുണ്ടോ? എന്നൊക്കെ വ്യക്തമാകാന്‍ വേറെ മാര്‍ഗമൊന്നുമില്ലെന്ന് അറിയാത്തവരല്ലല്ലോ ഭരണാധികാരികള്‍. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മേല്‍ക്കൈയുള്ള സവര്‍ണരുടെയും ന്യൂനപക്ഷങ്ങളുടെയും അധികാരം നിലനിര്‍ത്താനുള്ള സൂത്രവിദ്യയാണ് ജാതി സെന്‍സസിന് വിഘാതമാകുന്നതെന്ന സംശയത്തിനും പ്രസക്തിയുണ്ട്. അല്ലാതെ ജാതി സെന്‍സസ് നടത്തില്ലെന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം? ആര്‍ക്കാണ് വേദനിക്കുന്നത് ?
ഉത്തരേന്ത്യയിലെ പത്ത് കക്ഷികള്‍ ജാതി സെന്‍സസ് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയത് ശുഭകരമായ സംഭവ വികാസമാണ്. പിന്നാക്ക വിഭാഗക്കാരനായ മോദിജിക്ക് ഇവരുടെ ആശങ്കകള്‍ ഉള്‍ക്കൊള്ളാന്‍ വിഷമമുണ്ടാകില്ല. ഭരണ കക്ഷിയായ ബി.ജെ.പിക്കും മറിച്ചൊരു നിലപാട് ഉണ്ടാകാനിടയില്ല. എങ്കിലും ഉത്തരേന്ത്യയിലെ സവര്‍ണ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഒരു വിഭാഗത്തിന്റെ ഭയം അവരെയും പിന്നോട്ടു വലിച്ചു കൂടായ്കയില്ല. പിന്നാക്ക വോട്ടുകള്‍ നിര്‍ണായകമായ, ജാതി രാഷ്ട്രീയം കൊടി കുത്തി വാഴുന്ന ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ഈ പ്രശ്നം ബി.ജെ.പിക്ക് അവഗണിക്കാവുന്നതുമല്ല.
ജാതി സെന്‍സസ് ഒഴിവാക്കരുതെന്ന് പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. കേരളവും ഇതിന് തയ്യാറാകണം. ഇടപെടാന്‍ പറ്റിയ ഉചിതമായ സന്ദര്‍ഭവുമാണിത്. ഇല്ലെങ്കില്‍ സവര്‍ണ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള അമിത സ്വാധീനം മൂലമാകും സംസ്ഥാന സര്‍ക്കാര്‍ തന്ത്രപരമായ മൗനം ദീക്ഷിക്കുന്നതെന്ന് പറയേണ്ടിവരും.
ആധികാരികമായ ഒരു രേഖയുടെയും കണക്കുകളുടെയും പഠനങ്ങളുടെയും പിന്‍ബലമില്ലാതെ പത്ത് ശതമാനം മുന്നാക്ക സാമ്പത്തിക സംവരണം രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് കേരള സര്‍ക്കാരാണ്. കേന്ദ്ര നിയമ ഭേദഗതി അനുസരിച്ചുള്ള പരമാവധി പരിധിയായ പത്തു ശതമാനം ഇവര്‍ക്ക് നല്‍കാന്‍ ഇവിടെ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ഇതിന് പ്രായശ്ചിത്തമായെങ്കിലും ജാതി സെന്‍സസിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. എന്തെങ്കിലും കാരണവശാല്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാന തലത്തില്‍ ജാതി സെന്‍സസ് നടത്തുകയാണ് വേണ്ടത്. രാജ്യത്തിന് തന്നെ അത് മാതൃകയാകും. സാമൂഹ്യ ക്ഷേമ രംഗത്ത് വിപ്ലവകരമായ നീക്കവുമാകും. അങ്ങിനെ ഒരു സെന്‍സസിന് നിയമപരമായ തടസവുമില്ല. ഇക്കാര്യം ഇപ്പോഴേ പ്രഖ്യാപിക്കാനുള്ള തന്റേടം ഇടതു സര്‍ക്കാര്‍ കാണിക്കണം. ജനങ്ങളോട് ഉത്തരവാദിത്വവും അടിസ്ഥാന വര്‍ഗത്തോട് ബാദ്ധ്യതയുമുള്ള ഒരു സര്‍ക്കാരിന് സ്വീകരിക്കാവുന്ന ഉചിതമായ നിലപാട് കൂടിയാവും ഇത്.