വെള്ളക്കരം വർധിപ്പിക്കൽ: റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്
വെള്ളക്കരം കൂട്ടൽ സഭയിൽ തന്നെ ആയിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു
തിരുവനന്തപുരം: മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. സഭ നടന്നുകൊണ്ടിരിക്കെ സഭക്ക് പുറത്ത് വെള്ളക്കരം കൂട്ടുന്ന ഉത്തരവ് പുറപ്പെടുവിച്ചതിനാണ് റൂളിങ്ങ്. എപി അനിൽ കുമാറിന്റെ ക്രമ പ്രശ്നത്തിലാണ് റൂളിങ്ങ്. വെള്ളക്കരം കൂട്ടൽ സഭയിൽ തന്നെ ആയിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു. സഭ നടക്കുമ്പോൾ ഇത്തരത്തിലുള്ള ഉത്തരവുകൾ സഭയിൽ തന്നെ പ്രഖ്യാപിക്കണമെന്ന് സ്പീക്കർ വ്യക്തമാക്കി.
സഭ നടക്കുമ്പോൾ ജനങ്ങളെ ബാധിക്കുന്ന പ്രശ്നം സഭയിൽ പ്രഖ്യാപിക്കാതെ ഉത്തരവിറക്കിയത് നിയമസഭയോട് ഉള്ള അനാദരവെന്നായിരുന്നു എ പി അനിൽകുമാർ ക്രമ പ്രശ്നത്തിലൂടെ ഉന്നയിച്ച വിഷയം. സംസ്ഥാനത്തെ ആകെ ബാധിക്കുന്ന വിഷയമാണിതെന്നും അതിനാൽ സഭാ സമ്മേളനത്തിലായിരുന്നു ഇത് പ്രഖ്യാപിക്കേണ്ടിരുന്നതെന്നും സഭയിൽ പ്രഖ്യാപിച്ചെങ്കിൽ ഉത്തമമായ മാതൃക ആയിരുന്നേനെയെന്നും സ്പീക്കർ പറഞ്ഞു. ഭാവിയിൽ എല്ലാവരും ഇത് ശ്രദ്ധിക്കണമെന്നുമാണ് സ്പീക്കർ റൂള്‍ ചെയ്തിരിക്കുന്നത്.