പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു: വി.ശിവൻകുട്ടി
'മലബാർ ജില്ലകളിലെ സീറ്റുകളുടെ അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിലുണ്ട്'
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മലബാർ ജില്ലകളിലെ സീറ്റുകളുടെ അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. ഇത് പരിഹരിക്കാനാണ് നേരത്തേ നടപടിയെന്നും വിദ്യാഭ്യാസമന്ത്രി മീഡിയവണിനോട് പറഞ്ഞു. മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഈ പ്രശ്‌നം രൂക്ഷമാണ്. വയനാട്ടിൽ സീറ്റ് കുറവ് മാത്രമല്ല, ഇഷ്ടപ്പെട്ട വിഷയങ്ങൾ ലഭിക്കാത്ത പ്രശ്‌നവുമുണ്ട്. ഇതിനെ കുറിച്ചെല്ലാം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം എസ്എസ് എൽസി പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകള്‍ പൂർത്തിയായതായും ഗ്രേസ് മാർക്ക് സംവിധാനം ഇത്തവണയും തുടരുമെന്നും മന്ത്രി പറഞ്ഞു.
നാലു ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 2,960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാർഥികളാണ് ഇന്ന് പരീക്ഷാ ഹാളുകളിലേക്ക് എത്തുക. ഗൾഫിൽ 518പേരും ലക്ഷദ്വീപിൽ 289 പേരും പരീക്ഷ എഴുതും.
രാവിലെ 9.30 മുതൽ11.15 വരെയാണ് പരീക്ഷാ സമയം. ഭാഷാ വിഷയങ്ങളുടെ പരീക്ഷ ആദ്യം നടക്കും. ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്ക് 12.15 വരെയാണ് സമയം. സമ്മർദ്ദം ഇല്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കഴിയട്ടെ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആശംസിച്ചു. വേനൽ ചൂട് കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ കുടിവെള്ളം ഉറപ്പാക്കും. മാർച്ച് 29 നാണ് എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്നത്. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ വെള്ളിയാഴ്ച തുടങ്ങും.