ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് അധ്യാപികയുടെ മർദനം; പൊലീസ് കേസെടുത്തു
കുട്ടിയെ സ്‌കൂളിൽ ഒറ്റപ്പെടുത്തുന്നുവെന്ന് രക്ഷിതാക്കൾ
കോഴിക്കോട്: മണക്കാട് ജിഎൽപി സ്‌കൂളിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അധ്യാപിക ക്രൂരമായി മർദിച്ചെന്ന് പരാതി. വെള്ളലശ്ശേരി സ്വദേശിയായ മൂന്നാംക്ലാസ് വിദ്യാർഥിയെ കൈയിലും മുതുകിലും അടിച്ചു പരിക്കേൽപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം. പുസ്തകം ക്ലാസിന് പുറത്തേക്ക് എറിഞ്ഞെന്ന് ആരോപിച്ച് ക്ലാസ് അധ്യാപിക ശ്രീജ വടി കൊണ്ട് ക്രൂരമായി മർദിച്ചതെന്നാണ് പരാതി. കുട്ടി സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് മർദനമേറ്റ കാര്യം രക്ഷിതാക്കൾ അറിയുന്നത്. ഹെഡ്മാസ്റ്ററെ വിളിച്ച് വിവരം അറിയിച്ചെങ്കിലും സംഭവത്തെ നിസാരവൽക്കരിക്കുകയായിരുന്നെന്ന് കുട്ടിയുടെ ഉമ്മ പറഞ്ഞു.
അധ്യാപികക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കുട്ടിയുടെ കുടുംബത്തിനെതിരെ കുപ്രാചരണം അഴിച്ചുവിടുകയാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവത്തിന് ശേഷം കുട്ടിയെ സ്‌കൂളിൽ ഒറ്റപ്പെടുത്തുകയാണെന്നും രക്ഷിതാക്കൾ മീഡിയവണിനോട് പറഞ്ഞു.