ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം: ജയിൽ ഡിഐജിക്കും ജില്ലാ ജയിൽ സൂപ്രണ്ടിനുമെതിരെ കേസ്
ഡെപ്യൂട്ടി സൂപ്രണ്ടിന്റെ പരാതിയിലാണ് ഇൻഫോപാർക്ക് പോലീസ് കേസെടുത്തത്; കേസിൽ എട്ട് പ്രതികളാണുള്ളത്


കൊച്ചി : വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ഒരുക്കിയെന്ന പരാതിയിൽ മധ്യ മേഖല ജയിൽ ഡിഐജി, കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് എന്നിവർക്കെതിരെ കേസ്. ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ പരാതിയിലാണ് കൊച്ചി ഇൻഫോപാർക്ക് പോലീസ് കേസെടുത്തത്. തടവുകാരന് നിയമവിരുദ്ധമായി 200 രൂപ കൈമാറിയതിൽ അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ റിമാന്റിലായ ബോബി ചെമ്മണ്ണൂരിന് മധ്യമേഖല ജയിൽ ഡിഐജി അജയകുമാറിന്റെ നേതൃത്വത്തിൽ കാക്കനാട് ജില്ലാ ജയിലിൽ വഴിവിട്ട സഹായം ഒരുക്കിയെന്നായിരുന്നു പരാതി. ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഡിഐജിയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാമും ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ രണ്ടു സുഹൃത്തുക്കൾ ജയിലിൽ എത്തിയിട്ടും സന്ദർശക രജിസ്റ്ററിൽ പേര് ഉൾപ്പെടുത്താത്തത് അടക്കമായിരുന്നു ചട്ടലംഘനം. പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്തു.
ഇതിനിടയിലാണ് ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ പരാതി ഇൻഫോപാർക്ക് പോലീസിന് ലഭിച്ചത്. തടവുകാരന് നിയമവിരുദ്ധമായി 200 രൂപ കൈമാറിയെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയിൽ ഡിഐജി, ജയിൽ സൂപ്രണ്ട് അടക്കം എട്ടുപേരെ പ്രതിചേർത്താണ് കേസെടുത്തിട്ടുള്ളത്.