രാമക്ഷേത്രം: വെള്ളാപ്പള്ളിയുടെ നിലപാട് ഗുരുദർശനത്തിന് എതിരെന്ന് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ്

എസ് എൻ ഡി പി യോഗത്തിന്റെ നിയന്ത്രണം നാഗ്പൂരിന് കൈമാറണമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആഗ്രഹമെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു

Update: 2024-01-12 08:24 GMT
Advertising

തിരുവനന്തപുരം:അയോധ്യയിലെ രാമക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് ഗുരുദർശനത്തിന് എതിരെന്ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ്. സംഘ്പരിവാർ അജണ്ട അനുസരിച്ച് ശ്രീനാരായണധർമ്മത്തെ വളച്ചൊടിക്കാനും സമുദായത്തെ വഴിതെറ്റിക്കാനുമാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഇതിനെതിരെ ഈഴവ സമുദായത്തിനകത്തുതന്നെ ശക്തമായ പ്രതിഷേധമുണ്ടെന്ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഓരോ ഭാരതീയന്‍റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം പറഞ്ഞത്. അയോധ്യയിൽ പൂജിച്ച അക്ഷതം ആർ.എസ്.എസ്​ പ്രാന്തീയകാര്യകാരി സദസ്യൻ എ.ആർ. മോഹനിൽനിന്ന്​ ഭാര്യ പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങിയശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.ജനുവരി 22ലെ​ പ്രതിഷ്ഠ മുഹൂർത്തത്തിൽ വിശ്വാസികൾ സ്വഭവനങ്ങളിൽ ദീപംതെളിച്ച്​ ലോകനന്മക്കായി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘടന രംഗത്തെത്തിയത്.

വെള്ളാപ്പള്ളി നടേശൻ ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തെ വർണാശ്രമ ധർമ്മ പരിപാലന യോഗമാക്കി മാറ്റാൻ ശ്രമിക്കുകയാണ്. എസ് എൻ ഡി പി യോഗത്തിന്റെ നിയന്ത്രണം നാഗ്പൂറിന് കൈമാറണമെന്നാണ് നടേശൻറെ ആഗ്രഹമെന്നും ആ നിലപാടിലൂടെ തെളിഞ്ഞു​. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെ സത്യസന്ധമായി പിൻപറ്റാൻ ആഗ്രഹിക്കുന്ന പൊതുസമൂഹവും ഈഴവ സമുദായവും അത് അംഗീകരിച്ചു കൊടുക്കില്ല.ബഹുഭൂരിപക്ഷം ശ്രീനാരായണീയരും വൈള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെയും ആഹ്വാനത്തെയും അവജ്ഞയോടെ തള്ളിക്കളയുമെന്നും ഭാരവാഹികൾ പറഞ്ഞു.

'ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ' എന്ന് പറഞ്ഞ ശ്രീനാരായണഗുരുവിന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം ഇതര മതവിഭാഗങ്ങളോടുള്ള സമീപനം, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ആദരവിന്റെയും സൌഹാർദത്തിന്റെയും അടിസ്ഥാനത്തിലുള്ള പാരസ്പര്യമാണ്. അതുകൊണ്ടുതന്നെ ഒരു മതവിഭാഗത്തിന്റെയും വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും എതിർക്കാൻ ഗുരുവിന്റെ അനുയായികൾക്കു സാധിക്കില്ലെന്നും ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് ഭാരവാഹികളായ ചെയർമാൻ പ്രഫ.ജി മോഹൻ ഗോപാൽ, ജന.സെക്രട്ടറി സുദേഷ് എം രഘു,വൈസ് ചെയർമാൻ വി ആർ ജോഷി, ട്രഷറർ അഡ്വ. ടി ആർ രാജേഷ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.


ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് - പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പൂർണരൂപം


രാമക്ഷേത്രം- ശ്രീ.വെള്ളാപ്പള്ളിയുടെ നിലപാട് ഗുരുദർശനത്തിന് എതിര്

ആർഎസ്എസ് അധികാരികളുടെ മുൻപിൽ കൂപ്പുകൈകളോടെ നിൽക്കവേ, "അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കർമ്മം ഓരോ ഭാരതീയൻറെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണ്" എന്നും "ജനുവരി 22ന് പ്രതിഷ്ഠാ മുഹൂർത്തത്തിൽ ജാതി, മത ഭേദമെന്യേ എല്ലാവരും സ്വഭവനങ്ങളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാത്ഥിക്കണം" എന്നുമുള്ള ശ്രീ. വെള്ളാപ്പള്ളി നടേശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്, ശ്രീനാരായണ ധർമത്തിന് തികച്ചും എതിരാകായൽ, ഈ പ്രസ്താവനയെ ശ്രീനാരായണ മാനവധർമം ട്രസ്റ്റ് ശക്തമായി അപലപിക്കുന്നു.

'ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ' എന്നു സ്പഷ്ടമായ ഭാഷയിൽ പറഞ്ഞ ശ്രീനാരായണഗുരുവിന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം ഇതര മതവിഭാഗങ്ങളോടുള്ള സമീപനം, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ആദരവിന്റെയും സൌഹാർദത്തിന്റെയും അടിസ്ഥാനത്തിലുള്ള പാരസ്പര്യമാണ്. അതുകൊണ്ടുതന്നെ ഒരു മതവിഭാഗത്തിന്റെയും വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും എതിർക്കാൻ ഗുരുവിന്റെ അനുയായികൾക്കു സാധിക്കില്ല. സംഘ്പരിവാർ അജണ്ട അനുസരിച്ച് ശ്രീനാരായണധർമ്മത്തെ വളച്ചൊടിക്കാനും സമുദായത്തെ വഴിതെറ്റിക്കാനുമുള്ള ശ്രീ.വെള്ളാപ്പള്ളി നടേശന്റെ ശ്രമത്തിനെതിരെ ഈഴവ സമുദായത്തിനകത്തുതന്നെ ശക്തമായ പ്രതിഷേധമുണ്ട്.

അപരത്വത്തിനും മതദ്വേഷത്തിനുമെതിരെ എന്നും പോരാടിയ ശ്രീനാരായണഗുരു നമ്മളെ പഠിപ്പിച്ചത് "അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരനും സുഖത്തിനായി വരേണം" എന്നാണ്. ബാബരിമസ്ജിദ്-രാമജന്മഭൂമി കേസിൽ 2019 നവംബർ 19ന് ഇന്ത്യൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പോലും, ഏകകണ്ഠമായി അംഗീകരിക്കുന്നത് മറ്റൊരു മതത്തിന്റെ പുണ്യസ്ഥലത്തെ നിയമവിരുദ്ധവും ഹിംസാപരവുമായി തകർത്താണു രാമ ക്ഷേത്രം നിർമിക്കുന്നത് എന്നാണ്. സുപ്രീം കോടതിയുടെ ഏകകണ്ഠമായ ഈ വിധിയുടെ 798-ാം ഖണ്ഡിക അസന്ദിഗ്ധമായി പറയുന്നു: ".. മസ്ജിദിന്റെ മുഴുവൻ ഘടനയും തകർത്തു താഴെയിറക്കിയത് ഒരു പൊതു ആരാധനാലയത്തെ നശിപ്പിക്കുന്ന, ആസൂത്രിതമായ പ്രവൃത്തിയിലൂടെയാണ് . 450 വർഷങ്ങൾക്കു മുൻപു നിർമ്മിച്ച ഒരു പള്ളി, മുസ്ലീങ്ങൾക്ക് തെറ്റായി നിഷേധിക്കപ്പെട്ടു." വിധിന്യായത്തിന്റെ 800-ാം ഖണ്ഡിക പറയുന്നു: "1949 ഡിസംബർ 22/23 ന് പള്ളി അപവിത്രമാക്കപ്പെട്ടതോടെ മുസ്ലിം ജനതക്കു് ബാബരി മസ്ജിദിന്റെ കൈവശാവകാശം നഷ്ട്ടപെട്ടു; ഒടുവിൽ 1992 ഡിസംബർ 6 ന് പള്ളി നശിപ്പിക്കപ്പെട്ടു. മുസ്ലീങ്ങൾ പള്ളി ഉപേക്ഷിച്ചിട്ടില്ല... .. നിയമവാഴ്ചയോടു പ്രതിബദ്ധതയുള്ള ഒരു മതേതര രാഷ്ട്രത്തിൽ, പ്രവർത്തിക്കാൻ പാടില്ലാത്ത മാർഗങ്ങളിലൂടെ, മുസ്ലീങ്ങൾക്കു് പള്ളിയുടെ ഘടന ഇല്ലാതാക്കി. എല്ലാ വിശ്വാസങ്ങളുടെയും തുല്യതയാണു ഭരണഘടന പ്രതിപാദിക്കുന്നത്. സഹിഷ്ണുതയും പരസ്പര സഹവർത്തിത്വവും നമ്മുടെ രാജ്യത്തിന്റെ മതേതര പ്രതിബദ്ധതയെ പരിപോഷിപ്പിക്കുന്നു."*

ബാബരി മസ്ജിദ് നിയമവിരുദ്ധമായി തകർത്തിട്ടു് അവിടെ ഒരു ക്ഷേത്രം പണിയുന്നത് നിയമത്തിന്റെ കണ്ണിൽ ശരിയാണെങ്കിലും(ഞങ്ങളുടെ അഭിപ്രായത്തിൽ തെറ്റാണ്) ഗുരുവീക്ഷണത്തിൽ തെറ്റാണു്, അധർമം ആണ്. കോടതിവിധിയുടെ സാങ്കേതികക്കപ്പുറത്ത് നീതിയുടെയും ന്യായത്തിന്റെയും ധാർമികതയുടെയും വിഷയം കൂടിയാണിത്. സുപ്രീം കോടതിയുടെ ഈ വിധി നിയമപരമായിത്തന്നെ തെറ്റാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഭാവിയിൽ സുപ്രീംകോടതി തന്നെ ഈ വിധിയെ തള്ളിക്കളയുമെന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്.(എഡിഎം ജബൽപൂർ കേസ് പോലുള്ളവ ഉദാഹരണം).

ഗുരു അരുളിയത്, "ഇനി ക്ഷേത്രനിർമാണത്തെ പ്രോത്സാഹിപ്പിക്കരുത്......ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാകുന്നു....പ്രധാന ദേവാലയങ്ങൾ വിദ്യാലയമായിരിക്കണം...ഇനി ജനങൾക്കു വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്കു് അറിവ് ഉണ്ടാകട്ടെ. അതു തന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്"എന്നാണ്. ഈ രാമക്ഷേത്രത്തിന്റെ നിർമ്മാണച്ചെലവ് 18,000 കോടി രൂപ ആണ് എന്നാണു് ഇന്നത്തെ കണക്ക് -- ഏകദേശം 18 വർഷത്തെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ബഡ്ജറ്റിനു തുല്യമാണ് ഈ ചെലവ്. ഇത് ശ്രീ. നടേശൻ പൂർണമായി മറന്നു എന്നുള്ളത് ഖേദകരമാണ്.

ഇന്ത്യയിലെ സവർണർക്ക് രാമക്ഷേത്രം അവരുടെ ദൈവത്തിനുള്ള മഹത്തായ ആദരാഞ്ജലിയാണ്. അവരുടെ ദൈവത്തെ ആഘോഷിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. എന്നാൽ, രാമായണത്തിൽ, വർണ്ണാശ്രമ അധർമ്മത്തിനു കീഴിൽ മനുഷ്യരല്ലാത്തവരായി കണക്കാക്കുന്ന സമുദായങ്ങൾ, വർണാശ്രമ അധർമ്മത്തെ വാഴ്ത്തുന്ന ഈ ക്ഷേത്രം ഭയത്തോടെയാണു കാണുന്നത്. "ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികൾക്കു സന്ന്യസിപ്പാൻ പാടില്ലെന്നല്ലേ പറയുന്നത്. ഹിന്ദുക്കൾ സ്മൃതി നോക്കി ഭരിക്കുന്നവരല്ലേ?” എന്ന ഗുരുവാക്യം ഇവിടെ സ്മരണീയമാണ്.

ശ്രീ. വെള്ളാപ്പള്ളി നടേശന്റെ സന്ദേശം സൂചിപ്പിക്കുന്നത് അദ്ദേഹം, "ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തെ" "വർണാശ്രമ ധർമ്മ പരിപാലന യോഗം" ആക്കി മാറ്റി എന്നാണ്; എസ് എൻ ഡി പി യോഗത്തിന്റെ നിയന്ത്രണം നാഗ്പൂറിന് കൈമാറണമെന്നാണ് നടേശൻറെ ആഗ്രഹമെന്ന് ഈ പ്രവൃത്തിയിലൂടെ തെളിഞ്ഞിരിക്കുകയാണ്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെ സത്യസന്ധമായി പിൻപറ്റാൻ ആഗ്രഹിക്കുന്ന പൊതുസമൂഹവും വിശിഷ്യാ ഈഴവ സമുദായവും അത് അംഗീകരിച്ചു കൊടുക്കാൻ പോകുന്നില്ല.ബഹുഭൂരിപക്ഷം ശ്രീനാരായണീയരും ശ്രീ. നടേശന്റെ പ്രസ്താവനയെയും ആഹ്വാനത്തെയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നതിൽ സംശയമില്ല.

തിരുവനന്തപുരം,

12-01-2024

(Paragraph 798 of the unanimous judgment of the Supreme Court of India dated November 09, 2019 in the Ram Janma Bhoomi case says unequivocally: “. the entire structure of the mosque was brought down in a calculated act of destroying a place of public worship. The Muslims have been wrongly deprived of a mosque which had been constructed well over 450 years ago." Paragraph 800 of the judgment says, "the Muslims were dispossessed upon the desecration of the mosque on 22/23 December 1949 which was ultimately destroyed on 6 December 1992. There was no abandonment of the mosque by the Muslims...Muslims... have been deprived of the structure of the mosque through means which should not have been employed in a secular nation committed to the rule of law. The Constitution postulates the equality of all faiths. Tolerance and mutual co-existence nourish the secular commitment of our nation and its people.")

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News