പ്രത്യേക ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കണം; പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഓഡിറ്റിങ് സംബന്ധിച്ച് ഭരണസമിതിയുടെ കത്ത് ലഭിച്ചതായും അപേക്ഷയിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി

Update: 2021-09-17 01:17 GMT
Editor : Roshin | By : Web Desk
Advertising

പ്രത്യേക ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും ട്രസ്റ്റിലും 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്താനുള്ള ഭരണസമിതിയുടെയും, ഉപദേശക സമിതിയുടെയും തീരുമാനത്തെ ചോദ്യം ചെയ്താണ് ഹരജി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

25 വർഷത്തെ പ്രത്യേക ക്ഷേത്ര ഓഡിറ്റ് നടത്താനാണ് സുപ്രീംകോടതി ഉത്തരവെന്ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് പറയുന്നു. ക്ഷേത്രത്തിലും ക്ഷേത്ര സ്വത്തുക്കളിലും ഓഡിറ്റ് നടത്താനാണ് കോടതി നിർദേശം. എന്നാൽ, ക്ഷേത്ര ഭരണത്തിലോ, വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ കൂടി ഓഡിറ്റിങിലേക്ക് കൊണ്ടുവരാനാണ് ഭരണസമിതിയും ഉപദേശക സമിതിയും ശ്രമിക്കുന്നത്. ഇതിനായി ചാർട്ടേർഡ് അക്കൗണ്ടന്റിനെയും നിയോഗിച്ചു.

ഓഡിറ്റിങ് സംബന്ധിച്ച് ഭരണസമിതിയുടെ കത്ത് ലഭിച്ചതായും അപേക്ഷയിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. ക്ഷേത്ര ഭരണത്തിലോ, വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ ഓഡിറ്റിങിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇങ്ങനെ ഓഡിറ്റിങ് നടത്താൻ ഭരണസമിതിക്കും, ഉപദേശക സമിതിക്കും അധികാരമില്ല. ക്ഷേത്ര ഭരണത്തിന് മാത്രമാണ് സമിതികൾ. ക്ഷേത്രത്തിൽ നിന്ന് വിഭിന്നമായി ട്രസ്റ്റിന് സ്വതന്ത്ര സ്വഭാവമുണ്ടെന്നും, ഭരണസമിതിയുടെ കീഴിലല്ല ട്രസ്റ്റെന്ന് സുപ്രീംകോടതി ഉത്തരവിടണമെന്നുമാണ് ഹരജിയിലുള്ളത്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News