മുസ്‌ലിമിന് ജീവിക്കാൻ കഴിയുന്നില്ലെന്ന് സച്ചിദാനന്ദൻ കവിതയെഴുതി; കുഞ്ഞാലിക്കുട്ടിക്ക് ജീവിക്കാൻ പറ്റുന്നില്ലേ?:ശ്രീകുമാരൻ തമ്പി
കേരള സാഹിത്യ അക്കാദമിയുമായി ഇനി സഹകരിക്കില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദനെതിരെ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഇന്ത്യയിൽ മുസ്‌ലിമിന് ജീവിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് സച്ചിദാനന്ദൻ കവിതയെഴുതി. അത് വായിച്ചപ്പോൾ പെട്ടെന്ന് തന്റെ മനസ്സിലേക്ക് വന്നത് കുഞ്ഞാലിക്കുട്ടിയുടെ മുഖമാണ്. കുഞ്ഞാലിക്കുട്ടിക്ക് കേരളത്തിൽ ജീവിക്കാൻ പറ്റുന്നില്ലേ? ഉമ്മൻ ചാണ്ടി ഉള്ളപ്പോൾ പോലും കേരളം ഭരിച്ച ആളാണ് കുഞ്ഞാലിക്കുട്ടി. മുസ് ലിംകൾ കൂടുതലുള്ള ഷാർജയിൽ പോയപ്പോഴും സച്ചിദാനന്ദൻ ഈ കവിത തന്നെയാണ് ചൊല്ലയതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
അതുപോലുള്ള താൻ വളഞ്ഞ വഴി സ്വീകരിക്കാറില്ല. താൻ സ്‌ട്രൈറ്റായി പോകുന്ന ആളാണ്. ഇനി സാഹിത്യ അക്കാദമിയുമായി സഹകരിക്കില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി തന്നെ അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. ഗാനമെഴുതി നൽകിയ ശേഷം അക്കാദമിയിൽനിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടത്. തുടർന്ന് കേരളഗാനം ക്ഷണിക്കുന്നുവെന്ന് ചാനലുകളിൽ പരസ്യം നൽകി. 3000ൽ അധികം പാട്ടെഴുതിയ താൻ ഒരു ഗദ്യകവിക്ക് മുന്നിൽ അപമാനിതനായെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.