പ്രതിദിനം 2.5 ലക്ഷം പേര്‍ക്ക് വാക്‌സിന്‍; മൂന്നാം തരംഗത്തെ നേരിടാന്‍ കർമ പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്
മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്നുകണ്ട് സര്‍ജ് പ്ലാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു
കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കർമ പദ്ധതി ആവിഷ്കരിച്ചു. മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ടെത്തിയതിനാൽ ആശുപത്രികളില്‍ കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ കൂട്ടും. പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ആക്ഷൻ പ്ലാൻ ആവിഷ്കരിച്ചത്. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണ്. അതിനുള്ള സൗകര്യങ്ങളും ജീവനക്കാരെയും വര്‍ധിപ്പിക്കണം. റജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിന്‍ സുഗമമായി നടത്തണം.
മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്നുകണ്ട് സര്‍ജ് പ്ലാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. മെഡിക്കല്‍ കോളജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിദഗ്ധ പരിശീലനവും ആരംഭിച്ചു. പീഡിയാട്രിക് ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍.ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെഎംഎസ്‌സിഎല്‍ എംഡി ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.രമേഷ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ.റംലബീവി, അഡീഷനല്‍ ഡയറക്ടര്‍മാര്‍, ഡപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.