കെ.സുധാകരന്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാന കോണ്‍ഗ്രസിന്റെ അമരത്തെത്തുമ്പോള്‍

സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ നേതാവിനെയാണ് പാര്‍ട്ടിയെ നയിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്‌.

Update: 2021-06-08 11:24 GMT
Advertising

സംഘടനാ ദൗര്‍ബല്യമെന്ന് അകത്തും പുറത്തും വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കാന്‍ കെ.സുധാകരനെത്തുന്നു. ശക്തനായ നേതാവെന്ന പ്രതിച്ഛായയുമായി പിണറായി വിജയന്‍ രണ്ടാമൂഴത്തില്‍ ഭരണം നടത്തുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ നേതാവിനെ തന്നെയാണ് കെ.പി.സി.സിയെ നയിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്.

സംസ്ഥാന കോണ്‍ഗ്രസില്‍ ഏറ്റവും അധികം ജനസമ്മിതിയുള്ള നേതാക്കളില്‍ ഒരാളാണ് കെ.സുധാകരന്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മുമായി എല്ലാ തരത്തിലും ഏറ്റുമുട്ടി തന്റേതായ ഇടമുണ്ടാക്കിയെടുത്ത നേതാവാണ് സുധാകരന്‍. ഏത് ഘട്ടത്തിലും അണികളുടെ വികാരം തിരിച്ചറിഞ്ഞ് ഒപ്പം നില്‍ക്കുമെന്ന ഉറപ്പും സുധാകരനെക്കുറിച്ച് പ്രവര്‍ത്തകര്‍ക്കുണ്ട്.

1948 മെയ് 11ന് കണ്ണൂര്‍ ജില്ലയിലെ എടക്കാടാണ് സുധാകരന്റെ ജനനം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ഒ വിഭാഗം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2018 മുതല്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റാണ്.

1980, 1982 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എടക്കാട് നിന്നും 1987-ല്‍ നടന്ന നിയമസഭ ഇലക്ഷനില്‍ തലശ്ശേരിയില്‍ നിന്നും മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു. 1991-ല്‍ എടക്കാട് മണ്ഡലത്തില്‍ സി.പി.എമ്മിലെ ഒ.ഭരതനോട് തോറ്റു. 1991-ല്‍ ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ല്‍ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയ സി.പി.എമ്മിലെ ഒ.ഭരതനെ തന്നെ ഒടുവില്‍ 1996-ല്‍ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവിറങ്ങി.

1996-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായി ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എന്‍. രാമകൃഷ്ണനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് സുധാകരന്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് 2001-ല്‍ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും, 2006-ല്‍ സി.പി.എം നേതാവായ കെ.പി. സഹദേവനെയും തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് നിയമസഭ അംഗമായി. 2001-2004 കാലഘട്ടത്തിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വനം മന്ത്രിയായി. 2009-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞടുപ്പില്‍ സി.പി.എമ്മിലെ കെ.കെ. രാഗേഷ്‌നെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു..2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചു എങ്കിലും സി.പി.എമ്മിലെ പി.കെ. ശ്രീമതിയോട് തോറ്റു. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു കോട്ടയായ ഉദുമയില്‍ നിന്ന് മത്സരിച്ചുവെങ്കിലും സി.പി.എമ്മിലെ കുഞ്ഞിരാമനോട് തോറ്റു. 2019-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം.പിയായിരുന്ന സി.പി.എമ്മിലെ പി.കെ. ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കുന്ന ഘട്ടത്തിലാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ദൗത്യവുമായി സുധാകന്‍ നയിക്കാനെത്തുന്നത്. അണികളുടെ മനസ്സറിയുന്ന നേതാവെന്ന പ്രതിച്ഛായയുള്ള സുധാകരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News